തിളച്ച എണ്ണയില്‍ കൈമുക്കാന്‍ നിര്‍ദ്ദേശിച്ച് ഭര്‍ത്താവ് ; പാതിവൃത്യം തെളിയിക്കാന്‍ അഗ്നിപരീക്ഷ
മുംബൈ: ഭാര്യയുടെ പാതിവൃത്യം തെളിയിക്കാന്‍ കടുത്ത അഗ്നിപരീക്ഷക്ക് വിധേയമാക്കി ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് ക്രൂരമായ സംഭവം.തിളച്ച എണ്ണയില്‍ കൈമുക്കി അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു ഭര്‍ത്താവിന്‍റെ നിര്‍ദേശം.
ഫെബ്രുവരി 11ന് ഭര്‍ത്താവിനോട് വഴക്കിട്ട് ആരോടും പറയാതെ ഭാര്യ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. നാലുദിവസത്തിന് ശേഷം ഇവര്‍ വീട്ടില്‍ തിരിച്ചെത്തി. പരന്ത കച്ച്പുരി ചൗക്കില്‍ ബസ് കാത്തുനിന്നപ്പോള്‍ രണ്ടുപേര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും നാലുദിവസം ബന്ദിയാക്കിയെന്നും സ്ത്രീ പറഞ്ഞു.
അതെ സമയം ഭാര്യയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ ഭര്‍ത്താവ് തയാറായില്ല. ഇതോടെ പര്‍ഥി സമുദായത്തിന്‍റെ വിശ്വാസപ്രകാരം ഭാര്യയെ അഗ്നിപരീക്ഷക്ക് വിധേയയാക്കുകയായിരുന്നു. തിളച്ച എണ്ണയില്‍നിന്ന് അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു ഇയാളുടെ നിര്‍ദേശം. നുണ പറയുകയാണെങ്കില്‍ കൈപൊള്ളുകയും ചട്ടിയില്‍നിന്ന് തീ ഉയരുകയും ചെയ്യുമെന്നാണ് സമുദായത്തിന്‍റെ വിശ്വാസം.
‘എന്‍റെ ഭാര്യയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയി ബന്ദിയാക്കിയിരുന്നെന്നാണ് പറയുന്നത്. അവര്‍ അവളെ ഒന്നും ചെയ്തില്ലെന്നും പറയുന്നു. എന്‍റെ ഭാര്യ സത്യമാണോ പറയുന്നതെന്ന് അറിയണം. അതിനുവേണ്ടിയാണ് ഇത് ചെയ്യുന്നത്’ -ഭര്‍ത്താവ് വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെയാണ് വിഡിയോയില്‍ പകര്‍ത്തിയത് .
തിളച്ച എണ്ണയില്‍ കൈമുക്കിയതോടെ ഭാര്യ നില വിളിക്കുന്നതും കൈ പച്ചവെള്ളത്തില്‍ മുക്കുന്നതും വിഡിയോയില്‍ കാണാം. സമൂഹമാധ്യമങ്ങളില്‍ വിഡിയോ തരംഗമായതോടെ പ്രതിഷേധം ശക്തമായി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സല്‍ ചെയര്‍മാന്‍ നീലം ഗാര്‍ഹെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് നിര്‍ദേശം നല്‍കി.
Comments (0)