സെക്രട്ടേറിയറ്റില്‍ കടക്കണമെങ്കില്‍ ഇടനിലക്കാര്‍ വേണം; പ്രതിഷേധവുമായി ജനങ്ങള്‍

സെക്രട്ടേറിയറ്റില്‍ കടക്കണമെങ്കില്‍ ഇടനിലക്കാര്‍ വേണം; പ്രതിഷേധവുമായി ജനങ്ങള്‍

പതിറ്റാണ്ടുകളായി ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കയറിച്ചെന്നു പരിഹാരം തേടാന്‍ സൗകര്യമുണ്ടായിരുന്ന ഭരണസിരാ കേന്ദ്രത്തിലാണ് പുതിയ പരിഷ്‌കാരം. ജില്ലാ തലത്തില്‍ ഒരു പൗരന് പരാതി നല്‍കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന ഓഫിസാണു കലക്ടറേറ്റ്. അവിടെ നിന്നു നീതികിട്ടിയില്ലെങ്കില്‍ പിന്നെ ആശ്രയം തലസ്ഥാനത്തെ സെക്രട്ടേറിയറ്റാണ്.

നൂറുകണക്കിനു പേരാണ് വിവിധ ജില്ലകളില്‍ നിന്നു സെക്രട്ടേറിയറ്റിലേയ്ക്ക് ഫയല്‍ നീക്കത്തിന്റെ പുരോഗതി അറിയാനും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ട് പരാതി അറിയിക്കാനും ദിവസേന എത്തുന്നത്. രേഖകളും കത്തുകളും കൈമാറാന്‍ എത്തുന്നവരും ഒട്ടേറെ. സെക്രട്ടേറിയറ്റിലേയ്ക്കു പ്രവേശിക്കാന്‍ മുഖ്യമായും നാലു ഗേറ്റുണ്ടെങ്കിലും ഇപ്പോള്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം കന്റോണ്‍മെന്റ് ഗേറ്റിലൂടെ മാത്രമാക്കി. ഇതറിയാതെ മറ്റേതെങ്കിലും ഗേറ്റിലെത്തിയാല്‍ മടക്കി അയയ്ക്കും.

കന്റീന്‍ ഗേറ്റിലും സൗത്ത് ഗേറ്റിലും എത്തുന്നവര്‍ തിരികെ അര കിലോമീറ്ററോളം നടന്നു വേണം കന്റോണ്‍മെന്റ് ഗേറ്റിലെത്താന്‍. സൗത്ത് ഗേറ്റിലൂടെ പ്രവേശനമുണ്ടെങ്കിലും സെക്രട്ടേറിയറ്റ് സബ് ട്രഷറിയിലേയ്ക്കു പോകുന്നവരെ മാത്രമേ കടത്തിവിടൂ. അവിടേയ്ക്കാണെന്നു തെളിയിക്കുന്ന രേഖയും കയ്യില്‍ വേണം.

കന്റോണ്‍മെന്റ് ഗേറ്റിലെത്തിയാല്‍ ഏത് ഉദ്യോഗസ്ഥനെ കാണാനാണ് അകത്തേയ്ക്കു പോകുന്നതെന്നു വ്യക്തമാക്കണം. ആ ഉദ്യോഗസ്ഥനെ നമ്മള്‍ നമ്മുടെ മൊബൈല്‍ ഫോണിലൂടെ വിളിക്കുകയും സെക്യൂരിറ്റി ഗേറ്റില്‍ വിളിച്ച് അകത്തേയ്ക്കു കടത്തിവിടാന്‍ നിര്‍ദേശിക്കണമെന്ന് അഭ്യര്‍ഥിക്കുകയും വേണം. മുന്‍പരിചയമില്ലാത്ത ഉദ്യോഗസ്ഥരെ കാണാന്‍ പോകുന്ന പരാതിക്കാരാണ് ഇതു കാരണം ഏറ്റവും ബുദ്ധിമുട്ടുന്നത്.

അകത്തേയ്ക്കു വിളിക്കാനുള്ള നമ്പര്‍ പോലുമറിയാതെ അമ്പരന്നു നില്‍ക്കുന്ന സാധാരണക്കാര്‍ കവാടത്തില്‍ പതിവു കാഴ്ചയായി. മാത്രമല്ല, സന്ദര്‍ശകര്‍ തങ്ങളെ കാണാന്‍ വരേണ്ട എന്നു സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്കു തീരുമാനിക്കാന്‍ സൗകര്യമൊരുക്കുന്നതു കൂടിയാണു പുതിയ പരിഷ്‌കാരം.

സെക്രട്ടേറിയറ്റിനുള്ളിലെ പ്രോട്ടോക്കോള്‍ ഓഫിസില്‍ തീപിടിത്തമുണ്ടായതിനു പിന്നാലെ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ഉള്ളിലേയ്ക്കു കടന്നു പ്രതിഷേധിച്ചിരുന്നു. ഇതിനു ശേഷമാണ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ വിന്യസിച്ച് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേയ്ക്ക് അപേക്ഷിക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ 20 രൂപ ഫീസും നിശ്ചയിച്ച് ഇന്നലെ സര്‍ക്കാര്‍ ഉത്തരവിറക്കി.