സംസ്‌ഥാനം ഇന്ധനനികുതി കുറയ്‌ക്കില്ല: മന്ത്രി തോമസ്‌ ഐസക്ക്

സംസ്‌ഥാനം ഇന്ധനനികുതി കുറയ്‌ക്കില്ല: മന്ത്രി തോമസ്‌ ഐസക്ക്

തിരുവനന്തപുരം/ആലപ്പുഴ: സംസ്‌ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്‌ക്കില്ലെന്നു മന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്ക്‌. സംസ്‌ഥാന ഖജനാവ്‌ പ്രതിസന്ധി നേരിടുന്ന പശ്‌ചാത്തലത്തില്‍ നികുതി കുറയ്‌ക്കാന്‍ സംസ്‌ഥാനത്തിന്‌ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളമല്ല കേന്ദ്രമാണ്‌ ഇന്ധന നികുതി വര്‍ധിപ്പിച്ചത്‌. കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതി കുറച്ച്‌ ഇന്ധനവില കുറയ്‌ക്കാന്‍ തയാറാകണം. ആ സമയത്ത്‌ സംസ്‌ഥാനത്തിന്റെ വരുമാനം കുറഞ്ഞാലും കുഴപ്പമില്ല. സംസ്‌ഥാനത്തിന്റെ രണ്ടാമത്തെ വരുമാനമാര്‍ഗമാണ്‌ ഇത്‌.
പെട്രോളിയം ഉത്‌പന്നങ്ങള്‍ ജി.എസ്‌.ടി. പരിധിയില്‍ കൊണ്ടുവരുന്ന വിഷയം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ആദ്യമായാണ്‌ പറയുന്നത്‌.

ഇതിനോട്‌ എതിര്‍പ്പില്ല. എന്നാല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ.്‌ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ തുടര്‍ന്നുളള അഞ്ച്‌ വര്‍ഷത്തേക്ക്‌ നഷ്‌ടപരിഹാരം ലഭിക്കണം. ഇന്ധനവില വര്‍ധനയ്‌ക്കെതിരേ എല്‍.ഡി.എഫ്‌. സമരം ചെയ്യും.

തോന്നുംപടി വില കൂട്ടാന്‍ പെട്രോളിയം കമ്ബനികള്‍ക്ക്‌ അധികാരം നല്‍കിയത്‌ യു.പി.എ. സര്‍ക്കാരാണ്‌. അത്‌ ബി.ജെ.പിയും പിന്തുടരുന്നു. ക്രൂഡ്‌ ഓയിലിന്റെ വില കുറഞ്ഞപ്പോള്‍ അഞ്ചുമടങ്ങ്‌ ഡീസലിലും മൂന്നുമടങ്ങ്‌ പെട്രോളിലും നികുതി കൂട്ടിയത്‌ കേന്ദ്രമാണ്‌. - തോമസ്‌ ഐസക്ക്‌ പറഞ്ഞു.