ജനങ്ങളിലേക്കിറങ്ങണം: ബി.ജെ.പി. സംസ്ഥാന നേതൃത്വത്തോട് മോദി..
ബി.ജെ.പി.യിലേക്ക് പുതിയ ആളുകളെ കൊണ്ടുവരാൻ കേരളനേതൃത്വം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും പാർട്ടി ശക്തമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിൽ ബി.ജെ.പി. കോർകമ്മിറ്റി യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ജനങ്ങൾക്ക് നല്ല അഭിപ്രായമുള്ള പ്രമുഖ വ്യക്തിത്വങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ശ്രദ്ധിക്കണം. താൻ ഇവിടെ കാണുന്നത് മുന്പു കണ്ടവരെത്തന്നെയാണ്. പുതിയവർ വരണം -അദ്ദേഹം പറഞ്ഞു.
അത്തരം ആളുകളെ കണ്ടെത്തി അവരുമായി ചർച്ച നടത്തണം. അത്തരക്കാർ ധാരാളമായി പാർട്ടിയിലേക്കു വന്നാലേ പ്രവർത്തനങ്ങൾ വിപുലമാക്കാനാവൂ. അതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ നീക്കണം. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ് ജാഥ പേരുപോലെ വിജയിക്കുന്നതാവണം. ജാഥ ഓരോ ദിവസവും ചർച്ചാ കേന്ദ്രമാവണം. അതിനായി പുതിയവർ ജാഥയിലേക്കു വരണം -മോദി പറഞ്ഞു.
സംഘടനാ അടിത്തറ വർധിപ്പിച്ചാൽ മാത്രമേ വിജയം നേടാൻ കഴിയൂ. നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തന്ത്രങ്ങൾ കോർ-കമ്മിറ്റി ചർച്ചചെയ്ത് ആവിഷ്കരിക്കണം. ഒറ്റക്കെട്ടായി തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും വേണം. നിയമസഭയിൽ ബി.ജെ.പി.ക്ക് ശക്തമായ സാന്നിധ്യം ഉണ്ടായെങ്കിൽ മാത്രമേ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കൂ. പ്രതീക്ഷയോടെയാണ് കേരളത്തിലെ നേതൃത്വത്തെ കാണുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കേന്ദ്രസർക്കാർ നടപ്പാക്കിയ വികസനപദ്ധതികൾ ജനങ്ങളിൽ ചർച്ചയാവുന്നവിധം പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യണം. കേരളത്തിൽ പാർട്ടിക്ക് മികച്ച പ്രവർത്തകരുണ്ട്. അവരെ നന്നായി ഉപയോഗിക്കണം. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചും ഗൃഹസമ്പർക്ക പരിപാടികൾ സംഘടിപ്പിച്ചും സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ കഴിയണമെന്നും മോദി ആവശ്യപ്പെട്ടു.
വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിനുശേഷം വേദിക്കു പിന്നിലെത്തിയ പ്രധാനമന്ത്രി അവിടെവെച്ചാണ് കോർകമ്മിറ്റി അംഗങ്ങളോടു സംസാരിച്ചത്. എല്ലാവരെയും പരിചയപ്പെട്ടശേഷം പതിനഞ്ച് മിനിറ്റോളം സംസാരിച്ചു. കേരളത്തിന്റെ അവസ്ഥകൾ ചോദിച്ചറിഞ്ഞു. താൻ വീണ്ടുംവരുമെന്നും അപ്പോൾ കാണണമെന്നും പറഞ്ഞാണ് അദ്ദേഹം യാത്രയായത്.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിൽ മുൻ അധ്യക്ഷന്മാരും മുതിർന്നനേതാക്കളും കമ്മിറ്റിയിൽ പങ്കെടുത്തു. പാർട്ടിയിൽ പ്രതിഷേധവുമായി നിൽക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ മോദിയെ സ്വീകരിക്കാൻ നാവിക വിമാനത്താവളത്തിലെത്തി. പാർട്ടി സംസ്ഥാനനേതൃത്വം നിയോഗിച്ചതനുസരിച്ചായിരുന്നു അത്.
Comments (0)