ചോറ്റാനിക്കര ഭഗവതിക്ഷേത്രം
കേരളത്തിലെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള ഒരു ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം.പരാശക്തി മഹാവിഷ്ണുവിന് ഒപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ദേവി മൂന്നു ഭാവങ്ങളിലാണ് ഈ ക്ഷേത്രത്തിൽ പ്രധാനമായും ആരാധിക്കപ്പെടുക. വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വിദ്യാഭഗവതിയായ സരസ്വതിയായി ( മൂകാംബിക) പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായി ഉച്ചയ്ക്കും, നീല വസ്ത്രത്തിൽ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുർഗ്ഗാദേവിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. കൂടാതെ മഹാലക്ഷ്മി ആയും ശ്രീ പാർവ്വതിയായും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇങ്ങനെ മൊത്തം അഞ്ചു ഭാവങ്ങളുമുള്ളതിനാൽ ചോറ്റാനിക്കര അമ്മ "രാജരാജേശ്വരീ" സങ്കല്പത്തിലാണ് ആരാധിയ്ക്കപ്പെടുന്നത്. മാനസികരോഗങ്ങളും സ്വഭാവദൂഷ്യങ്ങളും ചോറ്റാനിക്കരയമ്മ സുഖപ്പെടുത്തും എന്നാണ് വിശ്വാസം. 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര.ശബരിമലയും, ഗുരുവായൂരും കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ ദർശനത്തിനെത്തുന്ന കേരളീയക്ഷേത്രവും ചോറ്റാനിക്കരയാണ്.
ചോറ്റാനിക്കരയിൽ മേൽക്കാവ്, കീഴ്ക്കാവ് എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുണ്ട്. മേൽക്കാവാണ് പ്രധാന ക്ഷേത്രം. കീഴ്ക്കാവ് പ്രധാനക്ഷേത്രത്തിന്റെ താഴെയായി സ്ഥിതിചെയ്യുന്നു. പരാശക്തിയുടെ ഉഗ്രഭാവമായ ഭദ്രകാളി ആണ് കീഴ്ക്കാവിലമ്മ. ഇവിടെയാണ് "ഗുരുതിപൂജ" എന്ന വഴിപാട് നടത്താറുള്ളത്. കീഴ്ക്കാവിലേയ്ക്ക് പോകാനായി മേൽക്കാവിൽ നിന്ന് അനേകം പടികളുള്ള വഴിയുണ്ട്. മേൽക്കാവിലെ പ്രധാന ശ്രീകോവിലിൽ ഭഗവതിയോടൊപ്പം മഹാവിഷ്ണു സാന്നിധ്യവുമുണ്ട്.ശിവൻ, ഗണപതി സുബ്രഹ്മണ്യൻ, ശാസ്താവ് നാഗദൈവങ്ങൾ ബ്രഹ്മരക്ഷസ് യക്ഷി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. കുംഭമാസത്തിലെ രോഹിണി നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ഒമ്പതുദിവസത്തെ ഉത്സവവും ഇതിനിടയിൽ വരുന്ന മകം തൊഴലുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ കന്നിമാസത്തിലെ നവരാത്രി,വൃശ്ചികമാസത്തിലെ തൃക്കാർത്തിക എന്നിവയും വിശേഷദിവസങ്ങളാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
Comments (0)