കെ.യു.ആര്‍.ടി.സി.യുടെ ലോ ഫ്‌ളോര്‍ ബസുകള്‍ ഇനി മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍
തിരുവനന്തപുരം : കെ.യു.ആര്‍.ടി.സി.യുടെ കീഴിലുള്ള ലോ ഫ്‌ളോര്‍ ബസുകള്‍ ദീര്‍ഘദൂര സര്‍വീസുകളാക്കാന്‍ തീരുമാനം. മാസങ്ങളായി ഓടാതെകിടക്കുന്ന ബസുകള്‍ അറ്റകുറ്റപ്പണി നടത്തി വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളാക്കാനാണ് നീക്കം. വിമാനസര്‍വീസുകളുടെ എണ്ണം കൂട്ടുന്നതോടെ വിമാനത്താവളങ്ങളെയും പ്രധാന നഗരങ്ങളും ബന്ധിപ്പിച്ചും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും.
190 എ.സി., 529 നോണ്‍ എ.സി. ലോ ഫ്‌ളോര്‍ ബസുകളാണ് കോര്‍പ്പറേഷന് കീഴിലുള്ളത്. ഇതില്‍ എ.സി.ബസുകളെ പുതുതായി തുടങ്ങുന്ന ബൈപ്പാസ് റൈഡറുകളാക്കാനും ആലോചനയുണ്ട്. നഗരങ്ങളില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് യാത്രക്കാര്‍ക്ക് സമയനഷ്ടമുണ്ടാകുന്നത് ഒഴിവാക്കാനാണ് തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ ബൈപ്പാസ് റൈഡറുകള്‍ തുടങ്ങുന്നത്.
തിരുവനന്തപുരത്തുനിന്ന് രാവിലെ അഞ്ചരയ്ക്ക് പുറപ്പെട്ട് ഒന്‍പതരയോടെ എറണാകുളത്ത് എത്തുംവിധമാണ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വൈകീട്ട് ആറുമണിയോടെയാകും മടക്കയാത്ര. കോഴിക്കോട്-തിരുവനന്തപുരം റൂട്ടിലും കൂടുതല്‍ എ.സി. ലോ ഫ്‌ളോര്‍ ബസുകള്‍ ഓടിക്കും.
ലോ ഫ്‌ളോറിലെ നിരക്ക് കൂടുതലായതിനാല്‍ യാത്രക്കാര്‍ ബസുകളില്‍ കയറാതിരുന്നതും കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കി.യാത്രക്കാരെ കൂടുതലായി ബസുകളിലേക്ക് ആകര്‍ഷിക്കാന്‍ ആഴ്ചയില്‍ മൂന്നുദിവസം നിരക്കില്‍ ഇളവ് നല്‍കുന്നുണ്ട്.
നെടുമ്പാശ്ശേരി-എറണാകുളം, നെടുമ്പാശ്ശേരി-തൃശ്ശൂര്‍ റൂട്ടുകളില്‍ സര്‍വീസുകള്‍ പരിഗണനയിലുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഇപ്പോള്‍ തലശ്ശേരി-കണ്ണൂര്‍ റൂട്ടില്‍ ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്.



Author Coverstory


Comments (0)