വിജയത്തിന്റെ നെറുകയില്‍ ഹൃദയപൂര്‍വ്വം എറണാകുളം ജനറല്‍ ആശുപത്രി

വിജയത്തിന്റെ നെറുകയില്‍ ഹൃദയപൂര്‍വ്വം എറണാകുളം ജനറല്‍ ആശുപത്രി

എറണാകുളം : ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തി ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി. ഹൃദയത്തിന്റെ അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങിയത് മൂലം ഹൃദയ പരാജയം സംഭവിച്ച പെരുമ്പാവൂര്‍ സ്വദേശിയായ 69 കാരന്‍ ഈ മാസം 20-നു  ശസ്ത്രക്രിയക്ക് വിധേയനായത്. ഇന്ത്യയില്‍ ഇതാദ്യമാണ് ഒരു ജില്ല തല സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ നൂതന ചികിത്സ രീതി അവലംബിക്കുന്നത്. ശ്രീ ചിത്തിര ഉള്‍പ്പെടെ വളരെ അപൂര്‍വം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ മാത്രമേ TAVR (Transcatheter Aortic Valve Replacement) ഇതുവരെ ലഭ്യമായിരുന്നുള്ളു. നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തകുഴലില്‍ ഉണ്ടാക്കുന്ന വളരെ ചെറിയ മുറിവുലൂടെ കത്തീറ്റര്‍ കടത്തിവിട്ടാണ് വാല്‍വ് മാറ്റിവക്കുന്നത്. രോഗിയെ പൂര്‍ണമായും മയക്കാതെ ചെറിയൊരളവില്‍ സെഡേഷന്‍ മാത്രം നല്‍കിക്കൊണ്ടാണ് ഈ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയക്ക് ശേഷം രണ്ടു ദിവസത്തിനകം രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്നും പ്രതീക്ഷിക്കുന്നു. കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക് സര്‍ജറി, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ ചികിത്സ സുഗമമായി പൂര്‍ത്തിയാക്കാന്‍ കാരണമായത്. കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ.ആശിഷ് കുമാര്‍, ഡോ. പോള്‍ തോമസ്, ഡോ.വിജോ ജോര്‍ജ്, ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. ജോര്‍ജ് വാളൂരാന്‍, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ജിയോ പോള്‍, ഡോ. ദിവ്യ ഗോപിനാഥ് എന്നിവര്‍ നേതൃത്വം കൊടുത്ത ശസ്ത്ര ക്രിയയില്‍ ഡോ. സ്റ്റാന്‍ലി ജോര്‍ജ്, ഡോ.ബിജുമോന്‍, ഡോ. ഗോപകുമാര്‍, ഡോ.ശ്രീജിത് എന്നിവരും പങ്കെടുത്തു. നാളിതുവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇരുപത്തിനായിരത്തോളം രോഗികള്‍ക്ക് ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, പേസ്മേക്കര്‍ ചികിത്സകള്‍ ഇതിനോടകം ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ ചികിത്സകള്‍ എല്ലാം തന്നെ 90 ശതമാനം രോഗികള്‍ക്കും സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്, കാരുണ്യ പദ്ധതികളിലൂടെ പൂര്‍ണമായും സൗജന്യമായിട്ടാണ്  നല്‍കി വരുന്നത്. ഈ വിജയത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്് എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനനന്ദം അര്‍പ്പിച്ചു.