സര്‍ക്കാര്‍ ജോലി ലഭിച്ചു; ആദ്യ യോഗം ചേരും മുന്‍പ്‌ പഞ്ചായത്ത്‌ അംഗം രാജിവച്ചു.

സര്‍ക്കാര്‍ ജോലി ലഭിച്ചു; ആദ്യ യോഗം ചേരും മുന്‍പ്‌ പഞ്ചായത്ത്‌ അംഗം രാജിവച്ചു.

മൂവാറ്റുപുഴ: സത്യപ്രതിജ്‌ഞ ചെയ്‌ത് ദിവസങ്ങള്‍ മാത്രം പിന്നിടവേ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന്‌ ഗ്രാമപഞ്ചായത്തംഗം രാജിവച്ചു. മാറാടി ഗ്രാമപഞ്ചായത്ത്‌ ആറാം വാര്‍ഡ്‌ അംഗം ബാബു തട്ടാര്‍കുന്നേലാണ്‌ ഇന്നലെ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ രാജികത്ത്‌ നല്‍കിയത്‌.
ഇടത്‌ മുന്നണിയില്‍ സി.പി.എം. പ്രതിനിധിയായി നോര്‍ത്ത്‌ മാറാടി സംവരണ വാര്‍ഡില്‍ നിന്നാണ്‌ ബാബു വിജയിച്ചത്‌. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയില്‍ (കുസാറ്റ്‌) ലാസ്‌റ്റ് ഗ്രേഡ്‌ ജീവനക്കാരനായി ജോലി ലഭിച്ചതിനെ തുടര്‍ന്നാണ്‌ രാജി.നേരത്തെ തന്നെ പരീക്ഷ എഴുതി ഇന്റര്‍വ്യൂ കഴിഞ്ഞിരുന്ന ബാബുവിന്റെ പേര്‌ റാങ്ക്‌ ലിസ്‌റ്റില്‍ ഉള്‍പ്പെട്ടിരുന്നു.

16 ന്‌ നടന്ന വോട്ടെണ്ണലില്‍ വിജയിക്കുകയും തുടര്‍ന്ന്‌ സത്യപ്രതിജ്‌ഞയും ചെയ്‌തിരുന്നു. ഇതിനിടയില്‍ ഇക്കഴിഞ്ഞ 24 ന്‌ നിയമന ഉത്തരവ്‌ ലഭിച്ചു. ഗ്രാമപഞ്ചായത്ത്‌ അധ്യക്ഷ-ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്‌ കഴിയുന്നത്‌ വരെ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

എല്‍.ഡി.എഫിന്റെ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥികൂടിയായിരുന്നു ഇദ്ദേഹം. അഞ്ച്‌ വോട്ടാണ്‌ ലഭിച്ചത്‌. എട്ട്‌ വോട്ട്‌ നേടി യു.ഡി.എഫിലെ ഒ.പി. ബേബിയാണ്‌ വിജയിച്ചത്‌. തന്റെ രാഷ്‌ട്രീയ ലക്ഷ്യം പൂര്‍ത്തിയാക്കിയതിന്‌ ശേഷമായിരുന്നു നാടകീയമായി രാജി സമര്‍പ്പിച്ചത്‌.2015-20 വര്‍ഷത്തില്‍ ഇടതുമുന്നണിയാണ്‌ പഞ്ചായത്ത്‌ ഭരിച്ചിരുന്നത്‌. ഈ കാലയളവില്‍ നാലാം വാര്‍ഡ്‌ അംഗമായിരുന്നു ബാബു തട്ടാര്‍കുന്നേല്‍. പുതിയ അംഗത്തിന്റെ രാജിയോടെ ആറാം വാര്‍ഡില്‍ വീണ്ടും തെരഞ്ഞെടുപ്പിന്‌ കളമൊരുങ്ങി. അധികാരമേറ്റ്‌ എട്ടാം നാളിലാണ്‌ രാജി.