രശ്മി അറിയാതെ ഇടുക്കി ഡാമിൽ ഇനി ഒരു തുള്ളിയനങ്ങില്ല
ഡാമുകളുമായി ബന്ധപ്പെട്ട ജാഗ്രതാ നിർദേശങ്ങൾ ഇനി അത്യാധുനിക സംവിധാനങ്ങളിലൂടെ കണ്ടറിഞ്ഞ ശേഷം മാത്രം. ഇടുക്കി അണക്കെട്ടിൻ്റെ സ്വാഭാവിക വ്യതിയാനങ്ങൾ വരെ അപ്പപ്പോൾ അറിയാൻ കഴിയുന്ന പുതിയ സംവിധാനമാണ് റിപ്പബ്ളിക് ദിനത്തിൽ പ്രവർത്തനസജ്ജമാകുന്നത്. ഓരോ വ്യതിയാനങ്ങളും കണ്ടറിഞ്ഞ് നിരീക്ഷണ ഫലങ്ങൾ കെ എസ് ഇ ബിയുടെ പ്രധാന സെൻ്ററുകളിൽ എത്തിക്കുന്ന രശ്മി ഫോർ ഡാംസ് (Realtime Early warning, Structural Health Monitoring & Interpretation for Dams - RESHMI FOR DAMS) എന്ന പുതിയ സാങ്കേതിക വിദ്യയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇടുക്കി അണക്കെട്ടിൻ്റെ ദൈനംദിന പരിപാലനവുമായി ബന്ധപ്പെട്ട് അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങൾ തൽസമയം നിരീക്ഷണം നടത്തി നിരീക്ഷണ ഫലങ്ങൾ കൃത്യമായി ഓരോ മണിക്കൂറിലും കൺട്രോൾ റൂമിലും പള്ളം ചീഫ് എഞ്ചിനീയറുടെ ഓഫീസിലും ലഭ്യമാക്കും. ഇതിൽപ്പെടുത്തി ഡാമിൻ്റെ ഗാലറിയ്ക്കുളളിൽ സ്ഥാപിച്ചിരിക്കുന്ന ജോയിൻ്റ് മീറ്റർ, ക്രാക്ക് മീറ്റർ, സ്‌ട്രെയിൻ മീറ്റർ, ടിൽറ്റ് മീറ്റർ, പിസോ മീറ്റർ മുതലായവയിൽ നിന്നുമുള്ള യഥാസമയ റീഡിംഗുകൾ കൺട്രോൾ റൂമുകളിൽ ലഭ്യമാകും.
കൂടാതെ ചെറുതോണി ഡാമിൻ്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന റഡാർ വാട്ടർ ലെവൽ മുഖേന ഓരോ മണിക്കൂറിലും റിസർവോയറിലെ ജലനിരപ്പ് കൺട്രോൾ റൂമിൽ ലഭ്യമാകും. ഡാമിൻ്റെ ഡൗൺസ്ട്രീമിൽ സ്ഥാപിച്ചിരിക്കുന്ന റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ ഡൗൺസ്ട്രീം ഫെയിസിൽ സ്ഥാപിച്ചിരിക്കുന്ന 26 ടാർഗെറ്റിൻ്റെ ഓരോ മണിക്കൂറിലുമുള്ള വ്യതിയാനം കൺട്രോൾ റൂമിൽ എത്തിക്കും.
ഇടുക്കി മെഡിക്കൽ കോളേജിന് സമീപം സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ വഴി ഇടുക്കി ക്യാച്ച്‌മെൻ്റിലെ മഴയുടെ അളവ്, കാറ്റിൻ്റെ ഗതി, താപനില മുതലായവ അപ്പോഴപ്പോൾ ലഭിച്ചുകൊണ്ടിരിക്കും. അണക്കെട്ടിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ വഴി അണക്കെട്ടിൻ്റെ അടി നിരപ്പ് മുതൽ ജലസംഭരണിയുടെ പലവിതാനത്തിലെ താപനിലയും അറിയാം. ഇതെല്ലാം ക്രോഡീകരിച്ച് അത്യാധുനിക സോഫ്ട് വെയർ ഉപയോഗിച്ച് അണക്കെട്ടിൻ്റെ അപ്പോഴപ്പോഴുളള സ്വാഭാവിക വ്യതിയാനങ്ങൾ പഠിക്കുന്നതിന് കഴിയും. അസ്വാഭാവിക വ്യതിയാനം ഉണ്ടാകുകയാണെങ്കിൽ അത് ജാഗ്രതാ മുന്നറിയിപ്പ് നൽകുകയും ചെയ്യും.
Comments (0)