യുദ്ധതന്ത്രം മാത്രമല്ല ഇസ്രായേൽ പഠിപ്പിക്കുന്നത് - അജിതാ ജയ്ഷോർ
കേരളത്തിന്റെ പകുതി വലിപ്പവും നാലിലൊന്നു ജനസംഖ്യയുമാണ് ഇസ്രായേലിനുള്ളത്. ഇസ്രയേലിലെ കൃഷിരീതികള്‍ വളരെ ആധുനികമാണ്. സ്വാഭാവികമായി കൃഷിചെയ്യാനേ പറ്റിയപ്രകൃതിയല്ല അവിടുത്തേത്. കരസ്ഥലത്തിന്റെ പകുതിയോളം മരുഭൂമിയാണ്. ജനസംഖ്യയില്‍ നാലുശതമാനത്തില്‍ത്താഴെ ആള്‍ക്കാര്‍ മാത്രമാണ് കൃഷിചെയ്യുന്നത്. ഇസ്രായേല്‍ അവരുടെ ഭക്ഷ്യാവശ്യത്തിന്റെ 95 ശതമാനവും അവിടെത്തന്നെ കൃഷിചെയ്തുണ്ടാക്കുന്നു. ആകെ ഇറക്കുമതിചെയ്യേണ്ടിവരുന്നത് ധാന്യം, എണ്ണക്കുരുക്കള്‍, മാസം, കാപ്പി, കൊക്കോ, പഞ്ചസാര എന്നിവയുടെ ഒരുഭാഗം മാത്രമാണ്.
രാഷ്ട്രരൂപീകരണത്തിനുമുന്‍പും ശേഷവും കുടിയേറിവന്നവര്‍ വാങ്ങിയകൃഷിഭൂമിയിലേറെയും വനനശീകരണത്താലും മണ്ണൊലിപ്പിനാലും അവഗണനയാലും പൂര്‍ണ്ണമായും കൃഷിയോഗ്യമായിരുന്നില്ല. വന്നവര്‍ പാടത്തെ കല്ലുകള്‍ നീക്കി, മണ്ണിനെ തട്ടുതട്ടുകളാക്കിത്തിരിച്ചു, ചതുപ്പിലെ വെള്ളം നീക്കം ചെയ്തു, മണ്ണൊലിപ്പിനെ പ്രതിരോധിച്ചു, ഉപ്പുനിലത്തെ ഉപ്പിനെ വെള്ളംകയറ്റി ഒഴുക്കിക്കളഞ്ഞ് നന്നാക്കിയെടുത്തു. സ്വാതന്ത്ര്യം ലഭിച്ചകാലത്തുണ്ടായിരുന്ന നാലുലക്ഷം ഏക്കര്‍ കൃഷിഭൂമി പത്തുലക്ഷം ഏക്കറായിമാറ്റിയെടുത്തു. ജനസംഖ്യ മൂന്നിരട്ടി വര്‍ദ്ധിച്ചപ്പോള്‍ കാര്‍ഷികോല്‍പ്പാദനം 16 ഇരട്ടിയായി. ഏറ്റവും വലിയ പ്രശ്നം വെള്ളമാണ്. വടക്ക് 70 സെന്റീമീറ്റര്‍വരെ മഴലഭിക്കുമ്പോള്‍ തെക്കാവട്ടെ 2 സെന്റീമീറ്റര്‍ മാത്രമാണ് മഴ കിട്ടുന്നത്. (കേരളത്തിലെ ശരാശരിമഴ 310 സെന്റീമീറ്ററാണ്). ഇതിനെ മറികടക്കാന്‍ 1964-ല്‍ വടക്കുള്ള ഗലീലിക്കടലില്‍നിന്നും ഇസ്രായേല്‍ രാജ്യത്തെങ്ങും എത്തുന്ന ജലവിതരണവ്യൂഹം തന്നെ ഉണ്ടാക്കി. ജലത്തിന്റെ ആവശ്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്ന് ഇതു തുടര്‍ച്ചയായി നിലനില്‍ക്കാനാവില്ലെന്നു മനസ്സിലാക്കിയ രാജ്യം വര്‍ദ്ധിതമായരീതിയില്‍ കടല്‍ജലശുദ്ധീകരണശാലകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്, അതിന്റെ ഫലമായി ഗലീലിക്കടലില്‍ നിന്നും എടുക്കുന്ന ജലത്തിന്റെ അളവ് വര്‍ഷംതോറും കുറഞ്ഞും വരുന്നുണ്ട്.
കാര്‍ഷികസാങ്കേതികവിദ്യയില്‍ വലിയരീതിയില്‍ ഇസ്രായേല്‍ മുതല്‍മുടക്കുന്നുണ്ട്. ഇതിന്റെ ഫലമായി 1999-2009 കാലത്ത് കര്‍ഷകരുടെ എണ്ണം 23500 ത്തില്‍നിന്നും 17000 ആയപ്പോഴും കാര്‍ഷികോല്‍പ്പാദനം 26 ശതമാനം വര്‍ദ്ധിച്ചു. ഇക്കാലത്ത് കൃഷിയിലെ ജലോപയോഗം 12 ശതമാനം കുറയ്ക്കാനും അവര്‍ക്കായി. ഒരു ഹെക്ടറില്‍ നിന്നും 5000 കിലോ വരെ പരുത്തി വിളയിക്കാന്‍ ഇസ്രായേലിനാവുന്നുണ്ട്, ഇന്ത്യയില്‍ ഇത് 500 കിലോയാണ്. ഏറ്റവും കൂടുതല്‍ പാല്‍ നല്‍കുന്ന പശുക്കള്‍ ഇസ്രായേലിലാണ്. ഓറഞ്ചിന്റെയും മുസംബിയുടെയും എല്ലാം ഉല്‍പ്പാദനത്തില്‍ ഇസ്രായേല്‍ ലോകത്തിന്റെ മുന്‍പന്തിയിലാണ്. ഇതുകൂടാതെ ഏതാണ്ട് 40 തരം പഴങ്ങള്‍ അവര്‍ ഉല്‍പ്പാദിപ്പിക്കുന്നു. 1973 -ല്‍ ചൂടുകാലത്ത് പതിയെ മൂപ്പെത്തുന്ന ഏറെനാള്‍ കേടുകൂടാതിരിക്കുന്ന ഒരു തക്കാളി ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതോടെയാണ് ലോകത്താകമാനം തക്കാളിക്കൃഷിയില്‍ മാറ്റം വന്നത്. അതുവരെ 40 ശതമാനത്തോളം തക്കാളിയും ചീഞ്ഞുനശിക്കുകയായിരുന്നു. കയറ്റുമതിക്കായി വലിയതോതില്‍ പൂക്കളും ഇവിടെ ഉണ്ടാക്കുന്നുണ്ട്.
ഇതിനൊപ്പം ഓരോ വിളയും ഇത്രമാത്രമേ ഉണ്ടാക്കാവൂ എന്നും നിബന്ധനകള്‍ ഉണ്ട്. അതോടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ മിച്ചം വന്ന് വിലയിടിയുക എന്നൊരു പരിപാടിയേ ഇല്ലാതായി. ഇത് പാലിനും മുട്ടയ്ക്കും ചിക്കനുമെല്ലാം ബാധകമാണ്. ലാഭകരമല്ലാത്ത കൃഷികള്‍ നിര്‍ത്തേണ്ടതാണ്.
കാര്‍ഷികഗവേഷണങ്ങള്‍ക്ക് വലിയ പ്രാധാന്യവും ഉന്നതസ്ഥാനവുമാണ് ഇസ്രായേല്‍ നല്‍കിയിരിക്കുന്നത്. വര്‍ഷം മുഴുവന്‍ ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുക, കാര്‍ഷികവിളകളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുക, രാജ്യത്തെങ്ങും കാര്‍ഷികസമൂഹങ്ങളെ ശക്തിപ്പെടുത്തുക, കര്‍ഷകരുടെ ഉല്‍പ്പാദനവും വരുമാനവും വര്‍ദ്ധിപ്പിക്കുക, സ്വതവേ പരിമിതമായ ജലം ഏറ്റവും കാര്യക്ഷമമായി വിനിയോഗിക്കുക എന്നിവയൊക്കെയാണ് ഇസ്രായേലിലെ കാര്‍ഷികഗവേഷണങ്ങളുടെ ലക്ഷ്യം. ഇതുനേടാനായി പുതിയതരം വിളകളും വിത്തുകളും ഉണ്ടാക്കുക, ഭക്ഷ്യഗുണനിലവാരവും സുരക്ഷിതത്വവും ഉയര്‍ത്തുക, കൃത്യമായ കീടനിയന്ത്രണം നടപ്പിലാക്കുക, കാര്‍ഷികകാര്യക്ഷമത ഉയര്‍ത്തുക, കാര്‍ഷികസാങ്കേതികവിദ്യകള്‍ പരിസ്ഥിതിസൌഹൃദമാക്കുക എന്നിവയെല്ലാം നടപ്പിലാക്കുന്നു. ഇസ്രായേല്‍ നടത്തിയ കാര്‍ഷികഗവേഷണങ്ങളില്‍ പലതും മൂന്നാം ലോകരാജ്യങ്ങളിലെ പട്ടിണിമാറ്റാന്‍ സഹായിച്ചിട്ടുണ്ട്. ഡ്രിപ് ഇറിഗേഷന്‍, കടല്‍ജലത്തിലെ ഉപ്പുനീക്കല്‍ എന്നിവയെല്ലാം ഇവിടെ നടക്കുന്ന ഗവേഷണങ്ങളുടെ മുന്‍പന്തിയില്‍ ആണ്. കൃഷിക്ക് ഉപയോഗിക്കുന്ന 40 ശതമാനം ജലവും റീസൈക്കിള്‍ ചെയ്തതാണ്, എന്നിട്ടും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ യാതൊരു പോരായ്മയും ഉണ്ടാവുന്നില്ലെന്നത് ശ്രദ്ധേയമാണ്. അവര്‍ കൃഷിചെയ്യുന്ന അതേ വിസ്തൃതിയുള്ള സ്ഥലത്ത് മറ്റേതൊരു രാജ്യത്തേക്കാളും 30 മടങ്ങ് വിളവ് തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു. പല കൃഷിക്കും പലനിറത്തിലുള്ള വല ഉപയോഗിച്ച് തണല്‍ നല്‍കുന്ന ഇവരുടെരീതി മറ്റുപല രാജ്യങ്ങളും ഇന്ന് അനുകരിക്കുന്നു. യൂറോപ്പിലേക്കുള്ള 60-70 ശതമാനം സുഗന്ധവിളകളും ഇസ്രായേലില്‍ നിന്നുമാണത്രേ ഇറക്കുമതി ചെയ്യുന്നത്.
ഇസ്രായേലിന്റെ രാഷ്ട്രീയത്തെയും പോളിസികളെയും ഒക്കെ നമുക്ക് എതിര്‍ക്കാം വിമര്‍ശിക്കാം, അവരുടെ അയല്‍രാജ്യങ്ങളോടുള്ള സമീപനത്തെയും ആയുധം വില്‍പ്പനകളെയും വെറുക്കാം. എന്നാലും 60-70 വര്‍ഷം മുന്‍പ് മരുഭൂമിയായിക്കിടന്ന ഒരു മേഖല ഇന്ന് ലോകത്തെ കാര്‍ഷികരീതികളുടെയും ഉല്‍പ്പാദനത്തിന്റെയും മുന്നിലെത്തിയ രീതികളില്‍നിന്നും കാര്‍ഷികരാജ്യമെന്ന് അഭിമാനിക്കുന്ന നമുക്ക് ഏറെ പഠിക്കാനുണ്ട്.



Author Coverstory


Comments (0)