രാത്രി 11ന് ശേഷം പ്രതികളെ ജയിലിൽ പ്രവേശിപ്പിച്ചാൽ സൂപ്രണ്ടുമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന മധ്യമേഖല ജയിൽ ഡി.ഐ.ജിയുടെ ഉത്തരവിനെതിരെ പൊലീസുകാർക്കിടയിൽ പ്രതിഷേധം
മലപ്പുറം: രാത്രി 11ന് ശേഷം പ്രതികളെ ജയിലിൽ പ്രവേശിപ്പിച്ചാൽ സൂപ്രണ്ടുമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന മധ്യമേഖല ജയിൽ ഡി.െഎ.ജിയുടെ ഉത്തരവിനെതിരെ പൊലീസുകാർക്കിടയിൽ പ്രതിഷേധം. ജനുവരി 19ന് ഡി.ഐ.ജി സാം തങ്കയ്യനാണ് ഉത്തരവിറക്കിയത്. ക്രിമിനൽ കേസിൽ പിടികൂടുന്നവരെ 24 മണിക്കൂറിനകം അടുത്തുള്ള മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നാണ് ചട്ടം. ഇതിന് സമയപരിധി വെക്കുന്നത് അശാസ്ത്രീയമാണെന്നാണ് ആക്ഷേപം.
റിമാൻഡ് ചെയ്ത പ്രതികളെ വൈകുന്നേരം ഏറ്റുവാങ്ങിയാലും വൈദ്യപരിശോധനയും മറ്റും കഴിഞ്ഞ് ജയിലിലെത്തിക്കുമ്പോഴേക്ക് ഏറെ വൈകും. രാത്രി 11ന് ശേഷം ഇവരെ സ്വീകരിക്കാതിരുന്നാൽ പിന്നീട് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നിയമപരമായി ബുദ്ധിമുട്ടുണ്ടാകുമെന്നും പ്രതിയെ പാതിരാത്രിതന്നെ മജിസ്ട്രേറ്റിെൻറ വസതിയിൽ വീണ്ടും ഹാജരാക്കേണ്ട സാഹചര്യം വന്നേക്കാമെന്നും പൊലീസുകാർ പറയുന്നു.
പ്രതിയെ സ്വീകരിച്ചില്ലെന്ന് കാണിച്ച് അകമ്പടി പോവുന്ന ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയാൽ ജയിൽ സൂപ്രണ്ടടക്കമുള്ളവർക്കെതിരെ കോടതി നടപടി സ്വീകരിക്കാനിടയുണ്ടെന്നും ഉദ്യോഗസ്ഥർ ഭയപ്പെടുന്നു. നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടർന്ന് അനുവദനീയ സമയത്തിന് ശേഷം പ്രതികളെ ജയിലുകളിൽ പ്രവേശിപ്പിക്കരുതെന്ന് നിർദേശം നൽകിയിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാത്രി 11ന് ശേഷം പ്രതികളെ ജയിലിലെത്തിച്ചതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തീരുമാനം കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡി.ഐ.ജി ഉത്തരവിറക്കിയത്
Comments (0)