കോവിഡ് രോഗികളെ പിച്ചച്ചട്ടിയെടുപ്പിച്ച് സ്വകാര്യാശുപത്രികള്‍; നെഗറ്റീവായി ഇറങ്ങുമ്ബോള്‍ കിടപ്പാടം 'മൈനസ്' ആകും, 10 ദിവസത്തെ ഐ.സി.യു.ചാര്‍ജ് ഏഴുലക്ഷം രൂപ!
കോവിഡ് ചികിത്സ കഴിഞ്ഞിറങ്ങിയാല്‍ ജീവിക്കാന്‍ കിടപ്പാടമോ വൃക്കയോ വില്‍ക്കേണ്ടിവരും! സംസ്‌ഥാനത്തെ സ്വകാര്യാശുപത്രികളില്‍ കോവിഡിനു ചികിത്സ തേടുന്നവരുടെ അവസ്‌ഥയാണിത്. സര്‍ക്കാര്‍ നിശ്‌ചയിച്ചതിന്റെ നാലിരട്ടിയിലേറെ നിരക്കില്‍ ലക്ഷങ്ങളുടെ ബില്ലാണ് ആശുപത്രികള്‍ നല്‍കുന്നത്. കൊച്ചിയിലെ ഒരു പ്രമുഖ സ്വകാര്യാശുപത്രിയില്‍ 10 ദിവസം ഐ.സി.യുവില്‍ കിടന്ന രോഗിയില്‍നിന്ന് ഈടാക്കിയത് ഏഴുലക്ഷം രൂപ! അതായത് ദിവസം 70,000 രൂപ.
എറണാകുളത്തെതന്നെ പ്രമുഖ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ ഹൃദ്രോഗികൂടിയായ പിതാവിനെ കോവിഡ് ചികിത്സയ്‌ക്കു പ്രവേശിപ്പിച്ചയാളുടെ അനുഭവമിങ്ങനെ: കോവിഡ് ചികിത്സയ്‌ക്കു ജില്ലയില്‍ ആകെയുള്ളത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. ഇതോടെ പിതാവിനെ ഹൃദ്രോഗത്തിനു ചികിത്സിക്കുന്ന ഡോക്‌ടറുടെ ഉപദേശം തേടി. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനു മുമ്ബ് നിരക്ക് ചോദിച്ചു. കോവിഡ് വാര്‍ഡ്- 6000 രൂപ, മുറി-10,500, ഐ.സി.യു- 15,000 രൂപ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം കണക്കുകള്‍ മാറിമറിഞ്ഞു. നേരം ഇരുട്ടിവെളുത്തപ്പോള്‍ കൈയില്‍ കിട്ടിയത് ഒരുലക്ഷത്തോളം രൂപയുടെ ബില്‍.
ചോദിച്ചപ്പോള്‍, പരിശോധനകളുടെ പട്ടികയും മരുന്നിന്റെ വിലക്കൂടുതലും വിദേശമരുന്നാണെന്ന ന്യായവുമൊക്കെ നിരത്തി. 10,500 രൂപ ബേസിക് നിരക്കാണ്; രോഗിക്കു കോവിഡ് മൂര്‍ഛിച്ച് ന്യുമോണിയ ആയത്രേ. ചുരുക്കത്തില്‍, രണ്ടാഴ്‌ചകൊണ്ട് അഞ്ചുലക്ഷം രൂപയുടെ ബില്‍!
അതുകൊണ്ടും തീര്‍ന്നില്ല. ഓക്‌സിജന്‍ ലെവല്‍ ശരിയാകുന്നില്ല. ഐ.സി.യുവില്‍ കയറ്റണമെന്നു നിര്‍ബന്ധം. ഐ.സി.യുവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രതിദിനനിരക്ക് 15,000 രൂപ. ഈടാക്കുന്നത് 70,000. ഇതു കേട്ടതോടെ ഐ.സി.യു. വേണ്ട, മുറിയില്‍ത്തന്നെ ഓക്‌സിജന്‍ കൊടുത്താല്‍ മതിയെന്നു പറഞ്ഞു. അതിന്റെ പേരില്‍ മരിച്ചാലും വേണ്ടില്ലെന്നു പറയേണ്ടിവന്നു അപ്പോഴേക്കു ഭാര്യയുടെ താലിമാലയും വിവാഹമോതിരവുമടക്കം വിറ്റ മകന്. മുമ്ബ് അര്‍ബുദവും ഹൃദോഗവും വന്ന പിതാവിനായി ലക്ഷങ്ങളുടെ ചികിത്സ നടത്തി നടുവൊടിഞ്ഞയാളുടെ പൂര്‍വചരിത്രം മുഴുവന്‍ അറിഞ്ഞുകൊണ്ടായിരുന്നു ആശുപത്രി അധികൃതരുടെ കഴുത്തറുപ്പ്.
ലോക്ക്‌ഡൗണ്‍ കാലത്ത് ആശുപത്രികള്‍ക്കുണ്ടായ സാമ്ബത്തികനഷ്‌ടം പരിഹരിക്കാന്‍ കണ്ടെത്തിയ മാര്‍ഗംകൂടിയാണ് കണ്ണില്‍ച്ചോരയില്ലാത്ത കോവിഡ് ചികിത്സ. ഡിസ്‌ചാര്‍ജ് ചെയ്യൂ, മറ്റെവിടെയെങ്കിലും പൊയ്‌ക്കോളാമെന്നു പറഞ്ഞാലും രക്ഷയില്ല. പോകുന്ന വഴി എന്തും സംഭവിക്കാം; ഹൈ റിസ്‌ക്കാണെന്നു വിരട്ടല്‍. ഇത് ഒരു സ്വകാര്യാശുപത്രിയിലെ മാത്രം കാര്യമല്ല. കോവിഡ് കേന്ദ്രത്തില്‍ ചികിത്സിച്ചിട്ടു ഭേദമാകാതിരുന്ന രണ്ട് കന്യാസ്‌ത്രീകള്‍ക്കു സഹോദരസഭയുടെ ആശുപത്രിയില്‍ നല്‍കിയ ബില്‍ 8.5 ലക്ഷം രൂപ! കോവിഡ് ബാധിച്ച് ബേപ്പൂര്‍ സ്വദേശിയായ അറുപതുകാരന്‍ 10 ദിവസമാണു കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ കിടന്നത്. പനിയും കലശലായ തലവേദനയും ചെറിയ ശ്വാസതടസവുമൊഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ചികിത്സ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ബില്‍ ഒരുലക്ഷം രൂപ. 2500 രൂപയാണു മുറിവാടക. പി.പി.ഇ. കിറ്റും മരുന്നുമടക്കമാണു ബില്‍.
സാനിറ്റൈസറിനും ഫീസ്
കോവിഡ് രോഗികള്‍ക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യചികിത്സയുള്ളപ്പോഴാണു സ്വകാര്യാശുപത്രികളുടെ ആസൂത്രിതചൂഷണം. സര്‍ക്കാര്‍ നിര്‍ദേശിച്ചത് അടിസ്‌ഥാനനിരക്കാണെന്നും അതു ചികിത്സാച്ചെലവിനു മതിയാകില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്.
ചില സ്വകാര്യാശുപത്രികളില്‍ ഒ.പിയില്‍ ഡോക്‌ടറെ കാണാനും കോവിഡ് ഫീസ് ഈടാക്കുന്നു. സാനിറ്റൈസര്‍ ഉപയോഗിച്ചതിനാണത്രേ ഫീസ്! ആവശ്യമില്ലെങ്കിലും കോവിഡ് രോഗികളെ ഐ.സി.യുവിലേക്കു മാറ്റുകയാണു തട്ടിപ്പിന്റെ മറ്റൊരു തന്ത്രം. ഐ.സി.യുവില്‍ വെന്റിലേറ്റര്‍ സൗകര്യമടക്കം ചികിത്സിച്ചാല്‍ ഒരുദിവസം പരമാവധി 30,000 രൂപയേ ആകൂവെന്ന് ഐ.എം.എ. മുന്‍ സംസ്‌ഥാന പ്രസിഡന്റ ഡോ. അബ്രഹാം വര്‍ഗീസ് പറഞ്ഞു. ഈ സ്‌ഥാനത്താണ് ഒരുലക്ഷം രൂപവരെ ഈടാക്കുന്നത്. കോവിഡ് പരിശോധന സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണ്. അതിനും സര്‍ക്കാര്‍ നിശ്‌ചയിച്ച നിരക്കിനേക്കാള്‍ കൂടുതലാണു സ്വകാര്യാശുപത്രികള്‍ വാങ്ങുന്നത്. പി.പി.ഇ. കിറ്റിന് 600-1000 രൂപയാണെങ്കിലും ഇരിട്ടിയിലേറെ വാങ്ങുന്നു. മാസ്‌ക്കിനും സാനിറ്റൈസറിനും വരെ പ്രത്യേകം പണം നല്‍കണം.
കോവിഡ് കാലത്ത് പ്രസവവും ചാകര
സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് ചികിത്സയില്‍ ശ്രദ്ധപതിപ്പിച്ചതിന്റെ മറവില്‍ മറ്റു രോഗികളെയും സ്വകാര്യാശുപത്രികള്‍ ചൂഷണം ചെയ്യുന്നു.
കോവിഡ് ഭീതിയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പോകാന്‍ മടിക്കുന്ന ഗര്‍ഭിണികളുടെ പരിചരണവും പ്രസവവും ഇക്കൂട്ടര്‍ക്കു ചാകരയാണ്. നിസാരരോഗങ്ങള്‍ക്ക് ഒ.പിയിലെത്തുന്ന വയോധികരെ അഡ്‌മിറ്റാക്കുന്നതാണു കോവിഡ് കാലത്തെ മറ്റൊരു പ്രവണത. കോവിഡ് വ്യാപനത്തിന്റെ ആദ്യമാസങ്ങളില്‍ മംഗലാപുരത്തേക്കുള്ള പാതകള്‍ കര്‍ണാടക സര്‍ക്കാര്‍ അടച്ചതു കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്വകാര്യാശുപത്രികള്‍ പരമാവധി മുതലെടുത്തു.
കമ്മീഷന്‍ നല്‍കി മംഗലാപുരം ലോബി
പാതകള്‍ തുറന്നതോടെ വീണ്ടും അതിര്‍ത്തി കടന്ന് മംഗലാപുരത്തു ചികിത്സയ്‌ക്കു പോകുകയാണ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലക്കാര്‍. അവിടുത്തെ ആശുപത്രികളും കോവിഡ് കാലത്തെ നഷ്‌ടം മലയാളികളില്‍നിന്ന് ഈടാക്കുന്നു! അപകടത്തില്‍ പരുക്കേറ്റവരെയും ഗുരുതരരോഗികളെയും മംഗലാപുരത്തേക്കു റഫര്‍ ചെയ്യാന്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്വകാര്യാശുപത്രികള്‍ക്കു കമ്മീഷനുമുണ്ട്.
സ്വകാര്യമേഖലയില്‍ കോവിഡ് പരിശോധനയും ഫാസ്‌റ്റ് ലൈന്‍ ചികിത്സാകേന്ദ്രവും ആരംഭിച്ചതോടെ കാസര്‍ഗോഡ് ജില്ലയിലെ ചില ആശുപത്രികളും പകല്‍ക്കൊള്ളയ്‌ക്കിറങ്ങി. കൊച്ചി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യാശുപത്രിയുടെ കാഞ്ഞങ്ങാട്ടെയും കാസര്‍ഗോട്ടെയും ശാഖകളാണ് ഇതില്‍ പ്രധാനം.
Comments (0)