വായ്പ ആസ്തി 5000 കോടി കടന്ന് കെ എഫ് സി; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്; നടപ്പ് സാമ്ബത്തികവര്‍ഷം 3385 കോടി രൂപയുടെ പുതിയ വായ്പകള്‍ നല്‍കിയതിലൂടെ ആണ് നേട്ടം സാധ്യമായതെന്ന് സിഎംഡി ടോമിന്‍ ജെ തച്ചങ്കരി
ഇന്ത്യയിലെ ഇതര സര്‍ക്കാര്‍ സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളില്‍ (SFC) വച്ച് തന്നെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് കെ എഫ് സി കൈവരിച്ചിരിക്കുന്നത്. വായ്പാ വിതരണം കഴിഞ്ഞവര്‍ഷം 798 കോടി രൂപ ആയിരുന്നത് ഈ വര്‍ഷം ഇതുവരെ 2935 കോടി രൂപയായി. കോവിഡ് കാലത്ത് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വായ്പാ വിതരണത്തിന് മടിച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് കെ എഫ് സി യുടെ ഈ മിന്നുന്ന പ്രകടനമെന്നും സി എം ഡി കൂട്ടിച്ചേര്‍ത്തു.
വായ്പാ തിരിച്ചടവ് 1871 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇത് 968 കോടി രൂപയായിരുന്നു. സിബിലില്‍ വിവരങ്ങള്‍ കൈമാറിയതും, തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നടപടികള്‍ എടുത്തതും മൂലമാണ് ഈ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. ഇതുമൂലം നിഷ്‌ക്രിയ ആസ്തി 3.4 % ആയി കുറഞ്ഞു.കെ എഫ് സി പുതുതായി അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ സംരംഭക പദ്ധതി പ്രകാരം 1700 പേര്‍ക്ക് ഇതുവരെ സെക്യൂരിറ്റി ഇല്ലാതെ വായ്പ നല്‍കി. ബസുകള്‍ സിഎന്‍ജി യിലേക്ക് മാറ്റുന്നതിനും, ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനും കെ എഫ് സി യാതൊരു സെക്യൂരിറ്റിയും ഇല്ലാതെയുള്ള വായ്പ പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു.
കൂടാതെ സര്‍ക്കാര്‍ കരാറുകാര്‍ക്ക് ബില്ലുകള്‍ യാതൊരു ഈടുമില്ലാതെ ഡിസ്‌കൗണ്ട് ചെയ്യുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത് കരാര്‍ രംഗത്ത് വലിയ നേട്ടമായി. ടൂറിസം രംഗത്ത് ഉണര്‍വേകാന്‍ 50 ലക്ഷം രൂപ വരെയുള്ള സ്‌പെഷ്യല്‍ വായ്പകള്‍ ഹോട്ടലുകള്‍ക്കു യാതൊരു ഈടുമില്ലാതെ, ദിവസ തിരിച്ചടവിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച പുതിയ പദ്ധതിക്ക് വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് തച്ചങ്കരി അറിയിച്ചു.
Comments (0)