ആലപ്പുഴ ബൈപാസ്‌ നാടിനു സമര്‍പ്പിച്ചു

ആലപ്പുഴ ബൈപാസ്‌ നാടിനു സമര്‍പ്പിച്ചു

ആലപ്പുഴ : അഞ്ചു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപാസ്‌ നാടിനു സമര്‍പ്പിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ പരസ്‌പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനം ജനങ്ങളുടെ ജീവിതത്തില്‍ എങ്ങനെ മാറ്റമുണ്ടാക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ആലപ്പുഴ ബൈപ്പാസെന്നു മുഖ്യമന്ത്രി പറഞ്ഞു.
അമ്ബതിനായിരം കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മുംബൈ- കന്യാകുമാരി സാമ്ബത്തിക ഇടനാഴിയുടെ ഭാഗമായി സംസ്‌ഥാനത്ത്‌ 650 കി.മീ നീളത്തില്‍ 23 പദ്ധതികളാണ്‌ നടത്തുക.
സംസ്‌ഥാനത്തെ ദേശീയപാതകളില്‍ 227 ബ്ലാക്‌ സ്‌പോട്ടുകളാണുള്ളത്‌. അവ പരിഹരിക്കാനുള്ള നടപടികള്‍ എടുത്തുവരുകയാണ്‌. കയര്‍, ചണം എന്നിവ ഉപയോഗിച്ച്‌ റോഡും ബാരിയറും നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പഠനം നടക്കുകയാണ്‌. ഇത്‌ വഴി സംസ്‌ഥാനത്ത്‌ കൂടുതല്‍ തൊഴില്‍ സൃഷ്‌ടിക്കാന്‍ സാധിക്കും. 2020-21 കാലയളവില്‍ 177 കിലോമീറ്റര്‍ റോഡ്‌ 604 കോടി രൂപ ചെലവില്‍ കേരളത്തില്‍ നിര്‍മിക്കും. ഇപ്പോള്‍ നാലുവരി പാതയായ എന്‍.എച്ച്‌.66ലെ അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള 13 കിലോമീറ്റര്‍ ദൂരം എലിവേറ്റഡ്‌ ആറുവരി പാതയാക്കുന്നത്‌ പരിഗണനയിലാണ്‌-കേന്ദ്രമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി. എം. തോമസ്‌ ഐസക്ക്‌, മന്ത്രി പി. തിലോത്തമന്‍, കേന്ദ്ര സഹമന്ത്രിമാരായ വി.കെ. സിങ്‌, വി. മുരളീധരന്‍, എ. എം. ആരിഫ്‌ എം.പി, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ്‌ എന്നിവര്‍ സംബന്ധിച്ചു.