ആരാണ് ഷാനിമോള്‍? ചെന്നിത്തലയ്ക്ക് ഇരട്ടത്താപ്പോ?

ആരാണ് ഷാനിമോള്‍? ചെന്നിത്തലയ്ക്ക് ഇരട്ടത്താപ്പോ?

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജാതി പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച കെ.സുധാകരന്‍ രമേശ് ചെന്നിത്തലയെയും ഷാനിമോള്‍ ഉസ്മാനെയും തുറന്ന് വിമര്‍ശിച്ചു. ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം ന്യായീകരിക്കുന്നതാണ് രമേശിന്റെ പരാമര്‍ശം. തന്റെ പരാമര്‍ശം തെറ്റല്ലെന്ന് ഇന്നലെ പറഞ്ഞ രമേശ് ചെന്നിത്തല ഇന്നു നിലപാടു മാറ്റി.

പ്രസംഗിച്ചപ്പോള്‍ ഉണ്ടാകാതിരുന്ന വിവാദം പിന്നീട് പെട്ടെന്ന് പൊങ്ങിവന്നത് സംശയകരമാണ്. ആര്‍ക്കും വേണ്ടി തന്റെ ശൈലി മാറ്റില്ല. താന്‍ കെപിസിസി പ്രസിഡന്റാകാതിരിക്കാന്‍ നീക്കമെന്നും കെ.സുധാകരന്‍ കൗണ്ടര്‍പോയിന്റില്‍ ആരോപിച്ചു. തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെ അപമാനകരമാകും. താന്‍ പറഞ്ഞത് പിന്‍വലിക്കണമെന്ന് പറയാന്‍ ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ ആരെന്ന് സുധാകരന്‍ ചോദിച്ചു.

തന്നെ പരസ്യമായി വിമര്‍ശിക്കാന്‍ ഷാനിമോള്‍ കെപിസിസി പ്രസിഡന്റാണോ?. പറഞ്ഞത് ജാതിയല്ല, തൊഴിലിനെക്കുറിച്ചാണ്. ഒരു തൊഴിലാളിയുടെ മകനെന്ന് മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നത് എങ്ങനെ അപമാനമാകും..? അതുകൊണ്ട് തന്നെ താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.