18 ദിവസമായി പേടിച്ച് വിറച്ച് കുറക്കന്‍മൂല; കുങ്കിയാന എത്തിയിട്ടും കുലുങ്ങാതെ കടുവ
മാനന്തവാടി• വയനാട് കുറുക്കൻമൂലയിൽ വളർത്തുമൃഗങ്ങളെ വേട്ടയാടുന്ന കടുവയെ പിടികൂടാൻ വലിയ സന്നാഹങ്ങളുമായി തിരച്ചിൽ തുടരുന്നതിനിടെ വീണ്ടും കടുവയുടെ ആക്രമണം. വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെ കടുവ ആക്രമിച്ചു കൊന്നു. സമീപത്തുള്ള പരുന്താനിയില്‍ ലൂസി ടോമിയുടെ ആടിനേയും കടുവ പിടിച്ചു. കുറുക്കന്‍മൂലയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് സംഭവം. ഇതോടെ കടുവ പിടികൂടിയ വളര്‍ത്തുമൃഗങ്ങളുടെ എണ്ണം പതിനേഴായി.കുറുക്കൻമൂലയെയും പരിസര പ്രദേശങ്ങളെയും 18 ദിവസമായി ഭീതിയിലാക്കിയ കടുവയെ തുരത്താൻ കുങ്കിയാനകളെ എത്തിച്ച് നടത്തിയ ശ്രമവും ആദ്യദിനം ഫലം കണ്ടില്ല. മുത്തങ്ങയിൽ നിന്ന് എത്തിച്ച കുങ്കിയാനകളുടെ സഹായത്തോടെ കടുവയെ കൂട് വച്ച പ്രദേശത്തേക്ക് എത്തിക്കാനായിരുന്നു ശ്രമം. കടുവയെ നിരീക്ഷിക്കുന്നതിന് 3 ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.കടുവയുടെ സാന്നിധ്യം കണ്ട ഇടങ്ങളിലായി 50 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കടുവ കൊന്ന ആടിന്റെ ജഡം പരിശോധിച്ച ശേഷം പട്ടിപ്പുലിയോ, തെരുവു നായ്ക്കളോ ആകാം കൊന്നതെന്ന് വനപാലകർ പറഞ്ഞു. എന്നാൽ കുറുക്കൻമൂലയിൽ നിന്നും ഏറെ അകലമില്ലാത്ത പയ്യമ്പള്ളിയിൽ ആടിനെ കൊന്നത് കടുവ തന്നെയാകാമെന്നാണ് നാട്ടുകാരുടെ പക്ഷം.മുൻ ദിവസങ്ങളിലേതു പോലെ വൻ പൊലീസ് സംഘവും പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കടുവ ഭീതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നഗരസഭാ പരിധിയിലെ 4 ഡിവിഷനുകളിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. കുറുക്കൻമൂല, ചെറൂർ, കാടൻകൊല്ലി, കുറുവ ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
Comments (0)