ഐ.എസ്.ആര്‍.ഒയുടെ പ്രഥമ എസ്.എസ്.എല്‍.വി അഥവാ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകം ദൗത്യം ഇന്ന്

ഐ.എസ്.ആര്‍.ഒയുടെ പ്രഥമ എസ്.എസ്.എല്‍.വി അഥവാ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകം ദൗത്യം ഇന്ന്

ചെന്നൈ : ഇന്ത്യയുടെ പ്രഥമ എസ്.എസ്.എല്‍.വിയുടെ (ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകം) ആദ്യ ദൗത്യം ഇന്ന്. ഭൗമ നിരീക്ഷണ ഉപഗ്രഹം-02 (ഇ.ഒ.എസ് -02), 'സ്‌പേസ് കിഡ്‌സ് ഇന്ത്യ' വിദ്യാര്‍ഥി സംഘം നിര്‍മിച്ച ഉപഗ്രഹം 'ആസാദിസാറ്റ്' എന്നിവയാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) വിക്ഷേപിക്കുക. അഞ്ചുമണിക്കൂറാണ് വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍. ഇത് ഞായറാഴ്ച പുലര്‍ച്ചെ 2.26ന് ആരംഭിച്ചു. 13 മിനിറ്റ് സഞ്ചരിച്ച ശേഷം ആദ്യം ഇ.ഒ.എസ് -02 ആണ് ഭ്രമണപഥത്തിലെത്തിക്കുക. തുടര്‍ന്നാണ് രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്നുള്ള പെണ്‍കുട്ടികള്‍ 75-ാം സ്വാതന്ത്ര്യ ദിനാഘോഷവേളയില്‍ വികസിപ്പിച്ച 'ആസാദിസാറ്റ്' വിക്ഷേപിക്കുക. പി.എസ്.എല്‍.വി, ജി.എസ്.എല്‍.വി ദൗത്യങ്ങള്‍ക്കുശേഷമാണ് പ്രഥമ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് നിര്‍മിക്കുന്നത്. ഉപഗ്രഹങ്ങള്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ വിക്ഷേപിക്കാനായാണ് ഇവ ഉപയോഗിക്കുക. ഇതിനായുള്ള പരിശ്രമങ്ങള്‍ ഏതാനും നാളുകളായി ഐ.എസ്.ആര്‍.ഒയില്‍ നടക്കുകയാണ്. 10 മുതല്‍ 500 കിലോ വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങള്‍ ഭൂമിയുടെ 500 കിലോമീറ്റര്‍ താഴെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഇതിനാകും. എസ്.എസ്.എല്‍.വിക്ക് 34 മീറ്റര്‍ ആണ് നീളം. പി.എസ്.എല്‍.വിയേക്കാള്‍ 10 മീറ്റര്‍ കുറവ്. ചുറ്റളവ് രണ്ടുമീറ്ററാണ്. വാണിജ്യ ദൗത്യങ്ങളില്‍ മുന്നേറ്റം ലക്ഷ്യമിട്ടാണ് പേടകം ഒരുക്കിയിരിക്കുന്നത്. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കായതിനാല്‍ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് എസ്.എസ്.എല്‍.വിയെ തേടി ധാരാളം ആവശ്യക്കാരെത്തുമെന്നാണ് ഐ.എസ്.ആര്‍.ഒയുടെ പ്രതീക്ഷ.