വേലി തന്നെ വിളവ് തിന്നുമ്പോള്‍ ; ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.69 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തെന്ന പരാതി

വേലി തന്നെ വിളവ് തിന്നുമ്പോള്‍ ; ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.69 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തെന്ന പരാതി

ആന്ധ്രാപ്രദേശ് : ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.69 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തെന്ന പരാതിയില്‍ ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരനെതിരെ കേസെടുത്തു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ചിരാലയിലാണ് സംഭവം. അസിസ്റ്റന്റ് മാനേജരായ കുമാര്‍ ബോണല്‍ (33) എന്നയാളാണ് സഹപ്രവര്‍ത്തകന്റെ പാസ്വേഡ് ഉപയോഗിച്ച് ഇടപാട് നടത്തിയത്. ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥര്‍ തന്നെയാണ് പരാതി നല്‍കിയത്. സെപ്റ്റംബര്‍ 4 നും സെപ്റ്റംബര്‍ 5 നും ഇടയില്‍ ഭാര്യ രേവതി പ്രിയങ്ക ഗോറെയുടെ എസ്ബിഐ അക്കൗണ്ടിലേക്ക് കുമാര്‍ 2.69 കോടി രൂപ അനധികൃതമായി ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പ്രതി ഇപ്പോള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഭാര്യയും മറ്റു ചിലരും തട്ടിപ്പിന് ഒത്താശ ചെയ്തതായും പോലീസ് പറഞ്ഞു. 'ഈ വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഞങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അവരുടെ നിര്‍ദേശപ്രകാരമാണ് പരാതി നല്‍കിയത്,' ബ്രാഞ്ച് മാനേജര്‍ വിഘ്നേശ്വര് ഭട്ട് ഡിഎച്ച് ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.ആന്ധ്രാപ്രദേശിലെ അനന്തപുരിലുള്ള സിന്‍ഡിക്കേറ്റ് നഗര്‍ സ്വദേശിയാണ് പ്രതി കുമാര്‍ ബോണല്‍.