വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫിസിലെ പഴ്‌സനല്‍ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയര്‍ത്തി

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫിസിലെ പഴ്‌സനല്‍ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയര്‍ത്തി

തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫിസിലെ പഴ്‌സനല്‍ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയര്‍ത്തി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. അഡിഷനല്‍ പിഎ തസ്തികയില്‍ ജോലി ചെയ്തിരുന്ന പി.എസ്.ആനന്ദിനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തിരുന്ന കെ.സന്തോഷ് കുമാറിനെ അഡിഷനല്‍ പിഎയായും തസ്തിക പുനര്‍നിര്‍ണയിച്ചു.ഇതോടെ ആനന്ദിന്റെ ശമ്പളം 60,000 രൂപയില്‍നിന്ന് 75,500 രൂപയായി ഉയരും. ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന്റെ ശമ്പളം 40,000 രൂപയില്‍ 60,000 രൂപയായി ഉയരും. ശമ്പളം ഉയര്‍ന്നതോടെ ഇരുവരുടെയും പെന്‍ഷനും ആനുപാതികമായി വര്‍ധിക്കും. പഴ്‌സനല്‍ സ്റ്റാഫില്‍ ക്ലര്‍ക്കായി കയറിയ സന്തോഷ് കുമാറിന്, ഒരു വര്‍ഷം കൊണ്ടാണ് ഗസറ്റഡ് തസ്തികയായ അഡിഷനല്‍ പിഎ പോസ്റ്റു ലഭിച്ചത്. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പളം സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറിയുടേതാണ്. അഡിഷനല്‍ പിഎയുടെ ശമ്പളം സെക്രട്ടേറിയറ്റിലെ സെക്ഷന്‍ ഓഫിസറുടേതാണ്. ഈ മാസം 17നാണ് പൊതുഭരണ വകുപ്പ് ഇരുവരുടെയും ശമ്പളവും തസ്തികയും ഉയര്‍ത്തി ഉത്തരവിറക്കിയിരിക്കുന്നത്. ഓഗസ്റ്റ് 2നു വി.ശിവന്‍കുട്ടി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണവകുപ്പിന്റെ തീരുമാനം. പഴ്‌സനല്‍ സ്റ്റാഫുകളുടെ നിയമന അധികാരിയായ മുഖ്യമന്ത്രിയുടെ അംഗികാരം ലഭിച്ച ശേഷമാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.