മകനെ മര്‍ദ്ദിച്ച യുവാക്കളെ തടഞ്ഞ പിതാവ് ലഹരി മാഫിയയുടെ മര്‍ദനമേറ്റ് മരിച്ചു
കൊച്ചി : മകനെ മര്‍ദ്ദിച്ച യുവാക്കളെ തടഞ്ഞ പിതാവ് ലഹരി മാഫിയയുടെ മര്‍ദനമേറ്റ് മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലങ്ങാട് നീറിക്കോട് കൈപ്പെട്ടി കൊല്ലംപറമ്പില്‍ വിമല്‍കുമാര്‍ (54) ആണ് മരിച്ചത്. ലഹരിമരുന്നു മാഫിയ സംഘത്തിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. വിമല്‍കുമാറിനെ പ്രതികള്‍ മര്‍ദിച്ചെന്ന് ദൃക്‌സാക്ഷി മിഥുന്‍ പറഞ്ഞു. വിമല്‍കുമാറിന്റെ വീട്ടിലെത്തിയ തന്നെ പ്രതികള്‍ ആദ്യം ആക്രമിച്ചു. ഇതുകണ്ട് ഇടപെട്ട വിമല്‍കുമാറിനെ പ്രതികള്‍ പിടിച്ചുതള്ളിയിട്ടുവെന്നും മിഥുന്‍ പറഞ്ഞു. താന്തോന്നി പുഴയുടെ തീരത്ത് ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഇതുവഴി ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ വിമല്‍കുമാറിന്റെ വീടിന് സമീപം റോഡില്‍ വീണു. വിമല്‍കുമാറിന്റെ മകനും സുഹൃത്തും ചേര്‍ന്ന് ഇവരെ എഴുന്നേല്‍പ്പിച്ച് യാത്രയാക്കി. മടങ്ങിയ യുവാക്കള്‍ തിരിച്ചെത്തി ഇവരെ മര്‍ദിച്ചു. ബഹളം കേട്ട് വിമല്‍കുമാര്‍ വീട്ടില്‍ നിന്ന് ഓടിയെത്തി. ഇവരെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ യുവാക്കളില്‍ ഒരാള്‍ വിമല്‍കുമാറിന്റെ നെഞ്ചില്‍ ആഞ്ഞു തള്ളി. നിലത്തുവീണ വിമല്‍കുമാറിനെ മര്‍ദിച്ചെന്നാണ് ആരോപണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമല്‍കുമാറിനെ ആശുപതിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ബോധരഹിതനായി. ഡോക്ടര്‍മാര്‍ പിന്നീട് മരണം സ്ഥിരീകരിച്ചു. യുവാക്കള്‍ ലഹരി ഉപയോഗിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. പ്രദേശത്ത് വ്യാപകമായ ലഹരിമരുന്ന് മാഫിയക്കെതിരെ നാട്ടുകാര്‍ നേരത്തേ പരാതി നല്‍കിയിരുന്നു.
Comments (0)