ചരിത്രം വഴിമാറുന്ന അങ്കമാലി, അനന്തപുരി, പാത
കോതമംഗലത്ത് കൂടി പുതിയ തിരുവനന്തപുരം -അങ്കമാലി നാലു വരി പാത വരുന്നു ;നോട്ടിഫിക്കേഷൻ ഇറങ്ങി ;സർവേ ആരംഭിച്ചു;എണ്ണൂറു കോടി രൂപ കിഫ്‌ബി വഴി കേരള സർക്കാർ അനുവദിക്കും ;കോതമംഗലത്തിന്റെ തലവര മാറ്റി മറിക്കുന്ന പദ്ധതി
നിലവിലുള്ള തിരുവനന്തപുരം-അങ്കമാലി എം.സി.റോഡിന് സമാന്തരമായി ഗ്രീൻഫീൽഡ് സാമ്പത്തിക ഇടനാഴി എന്ന പേരിൽ ദേശീയപാത നിർമിക്കാൻ ദേശീയ ഹൈവേ അതോറിറ്റി പദ്ധതിയിടുന്നു.നാലു വരി പാതയുടെ 3 A നോട്ടിഫിക്കേഷൻ ഇറങ്ങി. ഇതിന്റെ ഭാഗമായുള്ള സർവേ കോട്ടയം ജില്ലയിലെ തിടനാട് പഞ്ചായത്തിൽ ആരംഭിച്ചു. ഭോപ്പാൽ ആസ്ഥാനമാക്കിയുള്ള ഹൈവേ എൻജിനീയറിങ് കൺസൾട്ടൻസിക്കാണ് പുതിയ റോഡിന്റെ പ്രാഥമിക സർവേയുടെ ചുമതല. ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതികളിലൊന്നാണിത്.ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി കിഫ്ബി വഴി 800 ൽ പരം കോടി രൂപ സംസ്ഥാന സർക്കാർ ഈ പാതക്കു വേണ്ടി മുടക്കും.
തിരുവനന്തപുരംമുതൽ അങ്കമാലിവരെ നാലുവരിയായി ഗ്രീൻഫീൽഡ് സാമ്പത്തിക ഇടനാഴി എന്നപേരിൽ 45 മീറ്റർ വീതിയിലാണ് പുതിയ ദേശിയപാത നിർമിക്കുന്നതിന് പ്രാഥമികസർവേ നടത്തുന്നത്. വിതുര, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, തിടനാട്, അന്തീനാട്, തൊടുപുഴ,കോതമംഗലം,മലയാറ്റൂർവഴിയാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്.
തൊടുപുഴയിൽ നിന്ന് കോതമംഗലം കോടനാട്, മലയാറ്റൂർ വഴി യാണ് അങ്കമാലിയിൽ എത്തി ചേരുന്നത്. പദ്ധതി യാഥാർഥ്യമാകുമ്പോൾ കോതമംഗലത്തിന്റെ തലവര വരെ മാറ്റി മറിക്കും.
സീറോ ഫോറസ്റ്റ് സർവേ, ടോപ്പോഗ്രാഫിക് സർവേ തുടങ്ങിയവ പൂർത്തിയാക്കിയശേഷം ഫൈനൽ അലൈൻമെന്റ് തീരുമാനിച്ച് ലൊക്കേഷൻ സർവേ പിന്നീട് ആരംഭിക്കും.
എം.സി.റോഡുവഴി ഹൈവേ വികസനത്തിന് നിരവധി ടൗണുകൾ പൊളിച്ചുനീക്കേണ്ടതിനാൽ കെട്ടിടത്തിനും സ്ഥലത്തിനും വൻ നഷ്ടപരിഹാരം കൊടുക്കേണ്ട സാഹചര്യമൊഴിവാക്കിയാണ് പുതിയ പദ്ധതി.
കോതമംഗലം ചെറിയ പള്ളി, മലയാറ്റൂർ പള്ളി, ശബരിമല, ഭരണങാനം തുടങ്ങിയുള്ള തീർഥാടന കേന്ദ്രങ്ങൾക്കും ഭൂതത്താൻ കെട്ട് ഉൾപ്പെടെ ഉള്ള ടൂറിസം മേഖലകളിലെ വികസനവും പരിഗണിച്ചാണ് കിഴക്കൻ കേരളത്തിലെ തോട്ടം മേഖലയിൽകൂടി പുതിയ ദേശീയപാത വികസിപ്പിക്കാൻ തീരുമാനിച്ചത്. പുതിയ റോഡ് പട്ടണമേഖലയിൽ പ്രവേശിക്കുകയുമില്ല. നിലവിലുള്ള രണ്ടുവരി എം.സി.റോഡ് 236 കിലോമീറ്റർ ആണെങ്കിൽ പുതിയ നാലുവരിപ്പാത 227 കി.മീ മാത്രമായിരിക്കും. അവസാനഘട്ട അലൈൻമെന്റ് സർവേ പൂർത്തിയാകുമ്പോൾ ദൂരത്തിൽ വ്യതിയാനം വരാൻ സാധ്യതയുണ്ട്.
Comments (0)