'കുഞ്ഞ് പിറക്കുന്നതിന് മുന്നേ രൂപം കൊള്ളുന്നതാണ് മാതൃത്വം'; മാതൃത്വത്തിന്‍റെ മഹത്വം ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി
കൊച്ചി: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പ്രതി ചേര്‍ത്ത മാതാവിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈകോടതി മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച് സൂചിപ്പിച്ചത്. മാതൃത്വത്തിന്റെ പരിപാവനത പൂര്‍ണമായും അവഗണിക്കപ്പെട്ട ഒരു കേസ് ആണിതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.
മാതൃസ്നേഹത്തോളം വലിയ ഒരു സ്നേഹവും ഭൂമിയില്‍ ഇല്ല. കുഞ്ഞ് പിറക്കുന്നതിനു മുന്‍പേ രൂപം കൊള്ളുന്നതാണ് മാതൃത്വം. ഇത്തരത്തില്‍ ഹീനമായ ഒരു കാര്യം ചെയ്യുന്ന ഒരു അമ്മയും അങ്ങനെ വിളിക്കപ്പെടാന്‍ യോഗ്യയല്ലെന്നാണ് ജസ്റ്റിസ് ഷെര്‍സി ഉത്തരവില്‍ വ്യക്തമാക്കിയത്. കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞെന്ന നിരീക്ഷണത്തില്‍ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കേസ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേത്വത്വത്തില്‍ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണത്തിലെ പ്രധാന ഘട്ടം കഴിഞ്ഞെന്ന നിരീക്ഷണത്തിലാണ് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം നല്‍കിയത്. . ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും അന്വേഷണത്തെ സ്വാധീനിക്കുന്ന ഒരു ഇടപെടലും ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. ഒരു വനിതാ ഐപിഎസ് ഓഫിസര്‍ കേസ് അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ഹൈകോടതി നിര്‍ദേശം നല്‍കി.
കുട്ടിയുടെ ശാരീരിക മാനസികാവസ്ഥകള്‍ പരിശോധിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. ഒരു മനശാസ്ത്ര വിദഗ്ധനും ഒരു ശിശുരോഗ വിദഗ്ധനും ഉള്‍പ്പെടുന്നതായിരിക്കണം ബോര്‍ഡ്. അന്വേഷണ സംഘത്തിനു ആവശ്യമെന്ന് ബോധ്യപ്പെടുകയാണെങ്കില്‍ കുട്ടിയെ പിതാവിന്റെ അടുക്കല്‍ നിന്നു മാറ്റി ഏതെങ്കിലും ഒരു ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് തന്നെ ഇത്തരമൊരു കേസില്‍ കുടുക്കുകയായിരുന്നെന്നാണ് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചത്. പരാതിയില്‍ കഴമ്ബുണ്ടെന്നു അന്വേഷണത്തില്‍ വ്യക്തമായതായി കഴിഞ്ഞ ദിവസം കേസിന്റെ വാദത്തിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.
അമ്മയുടെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്ന് ചില തെളിവുകള്‍ ലഭിച്ചതായും ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍
അഭിഭാഷകന്‍ വാദിച്ചു. ഇവര്‍ കുഞ്ഞിനു ചില മരുന്നു നല്‍കിയിരുന്നതായി മൊഴി ലഭിച്ചിരുന്നെന്നും പരിശോധനയില്‍ ഈ മരുന്നു കണ്ടെത്തിയെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. കുട്ടിയുടെ മൊഴിയില്‍ കഴമ്ബുണ്ടെന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേസന്വേഷണത്തിന്റെ ആദ്യ ഘട്ടം അവസാനിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാണ് കോടതി തീരുമാനിച്ചത്. കര്‍ശന ഉപാധികളും ഇതിനായി മുന്നോട്ട് വച്ചു.
Comments (0)