രാമക്ഷേത്ര നിര്‍മാണത്തിനായി 1.11 ലക്ഷം സംഭാവന ചെയ്ത് ദിഗ് വിജയ് സിങ്
ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് 1.11 ലക്ഷം രൂപ സംഭാവന ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്യുന്ന ആദ്യ നേതാക്കളിലൊരാളാണ് ദിഗ് വിജയ് സിങ്. വിഎച്ച്പിക്ക് എതിരേ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന രണ്ട് പേജ് കത്തിനൊപ്പമാണ് അദ്ദേഹം തുകയടങ്ങിയ ചെക്ക് പ്രധാനമന്ത്രിക്ക് അയച്ചിരിക്കുന്നത്.
ലാത്തിയും വാളുകളും പിടിക്കുകയും ഒരു സമൂഹത്തെ ഇളക്കിവിടാന്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നവര്‍ക്ക് ഏതെങ്കിലും മതപരമായ ചടങ്ങിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന് കത്തില്‍ ദിഗ്‌വിജയ് സിങ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്ക് ഹിന്ദു മതത്തിന്റെ ഭാഗമാകാന്‍ കഴിയില്ലെന്നും സിങ് എഴുതി.
മറ്റ് മതവിഭാഗങ്ങള്‍ ക്ഷേത്ര നിര്‍മ്മാണത്തിന് എതിരല്ലെന്ന് നിങ്ങള്‍ക്കറിയാമെന്നും അതിനാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ ആയുധവുമായി മറ്റ് സമുദായങ്ങളെ വെല്ലുവിളിക്കുന്ന ധനസമാഹരണ ഘോഷയാത്രകള്‍ നിര്‍ത്തിവെയ്ക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏത് ബാങ്കിലാണ് പണം സംഭാവന ചെയ്യേണ്ടതെന്ന് അറിവില്ലാത്തതിനാലാണ് പ്രധാനമന്ത്രിക്ക് ചെക്ക് അയക്കുന്നതെന്നും ദിഗ് വിജയ് സിങ് വ്യക്തമാക്കി. നേരത്തെ വിശ്വ ഹിന്ദു പരിഷത്ത് ജനുവരി 15 ന് ക്ഷേത്ര നിര്‍മാണത്തിനായി 44 ദിവസത്തെ ധനസമാഹരണ യജ്ഞം ആരംഭിച്ചിരുന്നു.



Author Coverstory


Comments (0)