കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകം വിളിച്ചോതി രംഗകലാകേന്ദ്രം
വര്‍ക്കല: ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രമായ വര്‍ക്കലയില്‍ 10 കോടി ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ രംഗകലാകേന്ദ്രം സജ്ജമാക്കുന്നു. വിനോദസഞ്ചാരവകുപ്പിന്റെ കീഴിലുള്ള വര്‍ക്കല െഗസ്റ്റ് ഹൗസ് വളപ്പിലെ രണ്ട് ഏക്കര്‍ സ്ഥലത്ത് 13,000 ചതുരശ്ര അടിയിലാണ് കേരളത്തനിമയോടെ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്.
കൂത്തമ്ബല മാതൃകയിലുള്ള പെര്‍ഫോമന്‍സ് ഹാള്‍, കളരിത്തറ, പരമ്ബരാഗത ശൈലിയിലുള്ള ആനപ്പള്ള മതില്, താമരക്കുളം, ആംഫി തിയറ്റര്‍, ഫെസിലിേറ്റഷന്, സ്വിമ്മിങ്പൂള്‍ തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പാരമ്ബര്യ കലകളെക്കുറിച്ചുള്ള ഗവേഷണം, അവതരണം, പാരമ്ബര്യ- ആധുനിക കലാരൂപങ്ങള്‍ തമ്മിലുള്ള താരതമ്യപഠനങ്ങള്‍ എന്നിവക്കും അവസരമുണ്ട്. സര്‍പ്പപ്പാട്ട്, തുള്ളല്‍, പടയണി, അഗ്നിക്കാവടി, അര്‍ജുനനൃത്തം, ചവിട്ടുനാടകം, ഒപ്പന, മാര്‍ഗംകളി, തീയാട്ടുകള്‍, തെയ്യംതിറകള്‍ എന്നിവ കാണാനും പഠിക്കാനും സൗകര്യമുണ്ട്.
വര്‍ക്കലയുടെ സമഗ്രവികസനത്തിനായി മുഖ്യമന്ത്രി ചെയര്‍മാനായി രൂപവത്കരിച്ച വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ (വിവിഡ്) നേതൃത്വത്തിലാണ് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ഹിന്ദുസ്ഥാന്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ നിര്‍ദേശപ്രകാരം ആര്‍ക്കിടെക്ട് ബി. സുധീറാണ് കലാകേന്ദ്രത്തിന്റെ രൂപരേഖ തയാറാക്കിയത്. ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണനാണ് സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ് സെന്ററിന്റെ ഗവേണിങ് ബോഡി ചെയര്മാന്. 2,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ചുമര്‍ചിത്രവും വരച്ചിട്ടുണ്ട്.
സാംസ്കാരികവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിലെ ചുവര്‍ചിത്രകലാ വിഭാഗമാണ് ചിത്രങ്ങള്‍ വരച്ചുചേര്‍ത്തത്. ഭാവിയില്‍ സിംഗപ്പൂരിലെ അസോസിയേഷന് ഓഫ് ഏഷ്യ പസഫിക് പെര്‍ഫോമിങ് ആര്‍ട്സ് സെന്ററുമായി സഹകരിച്ച് ഡീംഡ് യൂനിവേഴ്സിറ്റി പദവിയിലേക്ക് രംഗകലാകേന്ദ്രത്തിനെ ഉയര്‍ത്താനും പദ്ധതിയുണ്ട്.
Comments (0)