ചെല്ലാനം നിവാസികളുടെ പ്രതിഷേധത്തിന് ഐക്യ ദാര്‍ഢ്യവുമായി കെ.സുരേന്ദ്രന്‍

ചെല്ലാനം നിവാസികളുടെ പ്രതിഷേധത്തിന് ഐക്യ ദാര്‍ഢ്യവുമായി കെ.സുരേന്ദ്രന്‍

കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെ.സുരേന്ദ്രനെത്തി. കടല്‍ക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും പെട്ട് കാലങ്ങളായി ദുരിതമനുഭവിക്കുകയും വര്‍ഷാവര്‍ഷം അഭയാര്‍ത്ഥികളായി പലായനം ചെയ്യേണ്ടിയും വരുന്ന തീരദേശ വാസികളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢൃവുമായാണ് സുരേന്ദ്രന്‍ എത്തിയത്. തീരദേശവാസികള്‍ അദ്ദേഹത്തോട് തങ്ങളുടെ ദുരിതങ്ങള്‍ പറയുകയും പുലിമുട്ടോടു കൂടിയ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയതു.

കടല്‍ക്ഷോഭത്തില്‍ പെട്ട് വീടും വസ്തുവകകളും നശിക്കുന്നത് ഇവിടെ നിത്യസംഭവമായിരിക്കുന്നു. ഓഖി ദുരന്ത സമയത്തും കാലവസ്ഥാ വ്യതിയാന കാലത്തും ഇവിടുത്തുകാര്‍ സമാനതകളില്ലാത്ത ദുരന്തമാണനുഭവിച്ചത്. ജീവനോപാധികളായ മത്സ്യ ബന്ധന ഉപകരണങ്ങള്‍ കടല്‍ ക്ഷോഭത്തില്‍ നശിക്കുന്നത് പതിവാണ്. പുലിമുട്ടോടു കൂടിയ കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ ആവശ്യമുണ്ട്.

തീരദേശ വാസികളുടെ ദുരിതം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപ സര്‍ക്കാര്‍ വകമാറ്റി. 175 കോടി രൂപ മന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലെ ചെത്തിക്കടപ്പുറത്ത് കടല്‍തീരം ഭംഗി വരുത്താനാണ് ചെലവിട്ടതെന്ന് തീരവാസികള്‍ സുരേന്ദ്രനോട് പറഞ്ഞു.

കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് പകരം ചാക്കില്‍ മണല്‍ നിറച്ച്‌ തീരത്ത്‌ അടുക്കുകയാണുണ്ടായത്. തീരവാസികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കെ.സുരേന്ദ്രന്‍ തീരവാസികള്‍ക്ക് ഉറപ്പു നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എസ്. ജയകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. ഷൈജു, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫ്, ജില്ലാ അധ്യക്ഷന്‍ എന്‍.എല്‍. ജയിംസ്, എസ്. സജി, എന്‍.പി. ശങ്കരന്‍ കുട്ടി, കെ.കെ.രാജേഷ് എന്നിവര്‍ കെ. സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.