ജയിലില്‍പ്പോയാല്‍ മരണപ്പെടും, ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം; ഉഷാറായി ജനമധ്യത്തില്‍, ഇബ്രാഹിംകുഞ്ഞിന്റെ ഇരട്ടവേഷം കണ്ട് മുഖ്യമന്ത്രിക്ക് വീണ്ടും പരാതി

ജയിലില്‍പ്പോയാല്‍ മരണപ്പെടും, ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം; ഉഷാറായി ജനമധ്യത്തില്‍, ഇബ്രാഹിംകുഞ്ഞിന്റെ ഇരട്ടവേഷം കണ്ട് മുഖ്യമന്ത്രിക്ക് വീണ്ടും പരാതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ആരോഗ്യകാരണം നിരത്തി ജാമ്യം. പുറത്തിറങ്ങിയതും ഇരട്ടി ആവേശത്തോടെ പൊതുപരിപാടികളില്‍ സജീവം. മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഈ ഇരട്ടവേഷം കണ്ട്‌ കളമശേരി സ്വദേശി ഗിരീഷ്‌ ബാബു ശരിക്കും ഞെട്ടി. പിന്നെ ഒന്നും നോക്കിയില്ല. മുമ്ബ്‌ കേസ്‌ കൊടുത്ത അതേ ആവേശത്തോടെ മുഖ്യമന്ത്രിക്കൊരു പരാതി നല്‍കി. ഇബ്രാഹിംകുഞ്ഞ്‌ പങ്കെടുത്ത പരിപാടികളുടെ വീഡിയോയും ചിത്രങ്ങളും സഹിതം.

ആരോഗ്യസ്‌ഥിതി മോശമാണെന്ന സ്വകാര്യ ആശുപത്രിയുടെ റിപ്പോര്‍ട്ടിന്റെ ബലത്തിലാണ്‌ മുന്‍മന്ത്രിക്കു ജാമ്യം കിട്ടിയത്‌. ആ റിപ്പോര്‍ട്ട്‌ തള്ളിക്കളയണമെന്നാണ്‌ ഇപ്പോള്‍ ഉയരുന്ന ആവശ്യം. അറസ്‌റ്റിനുമുമ്ബ്‌ ആശുപത്രിയില്‍ പ്രവേശിച്ച ഇബ്രാഹിംകുഞ്ഞിനെ അവിടെ എത്തിയാണ്‌ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

ജഡ്‌ജി ആശുപത്രിയിത്തെി അവിടെത്തന്നെ റിമാന്‍ഡും ചെയ്‌തു. ജയിലില്‍പ്പോയാല്‍ മരണപ്പെടുമെന്നുവരെയാണ്‌ തുടര്‍ന്നു നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞത്‌. ഗുരുതര ആരോഗ്യപ്രശ്‌നമെന്ന വാദം കണക്കിലെടുത്തു ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍, പുറത്തിറങ്ങിയതും മുന്‍ മന്ത്രി പൂര്‍വാധികം കരുത്തനായി.

തെരഞ്ഞെടുപ്പിലേക്കില്ലെന്ന സൂചനയുണ്ടായിരുന്നതിനാല്‍ സീറ്റുമോഹികള്‍ കളമശേരി മണ്ഡലത്തില്‍ തലപൊക്കിയിരുന്നു. ഇബ്രാഹിം കുഞ്ഞ്‌ സജീവമായതോടെ അവരും പിന്‍വാങ്ങി. പാലം അഴിമതിക്കേസിലെ അഞ്ചാം പ്രതിയാണ്‌ ഇബ്രാഹിംകുഞ്ഞ്‌. അഴിമതിപ്പണമായ 10 കോടി ലീഗ്‌ ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെടുത്തെന്ന കേസും അദ്ദേഹത്തിനെതിരേയുണ്ട്‌. വിജിലന്‍സും എന്‍ഫോഴ്‌സ്‌മെന്റുമാണ്‌ ഈ കേസുകള്‍ അന്വേഷിക്കുന്നത്‌.