അവധി അനുവദിച്ചതു റദ്ദാക്കി , പണി മുടക്കിയവര്‍ക്ക് ശമ്ബളം കൊടുക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: 2019 ജനുവരി 8, 9 തീയതികളിലെ അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്‍കിയ ശമ്ബളം രണ്ടു മാസത്തിനകം തിരിച്ചുപിടിക്കണമെന്നു ഹൈക്കോടതി. സമരദിനങ്ങള്‍ ശമ്ബളമുള്ള അവധിയായി കണക്കാക്കി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ വിവിധ ട്രേഡ് യൂണിയനുകളാണു പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. പണിമുടക്കിയ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്ബളം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനുമായ ജി. ബാലഗോപാലാണു പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഇത്തരത്തിലുള്ള അവധികളില്‍ ശമ്ബളം നല്‍കുന്ന തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. രണ്ടു മാസത്തിനുള്ളില്‍ ജീവനക്കാരുടെ ഹാജര്‍ പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പണിമുടക്കു ദിവസങ്ങള്‍ അവധിയായി കണക്കിലെടുത്തു ശമ്ബളം നല്‍കിയതു സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന വാദം കോടതി അംഗീകരിച്ചില്ല.
2013 ഫെബ്രുവരി 18നും 2016 ജനുവരി ആറിനും സമരദിനങ്ങളില്‍ ഇതേ രീതിയില്‍ ശമ്ബളം അനുവദിച്ചിരുന്നു. പൊതു ഖജനാവിലെ പണമാണു നഷ്‌ടപ്പെടുന്നത്. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്ന സമരദിനങ്ങളില്‍ ഭരണമാറ്റമുണ്ടാകുമ്ബോള്‍ അവധി ക്രമപ്പെടുത്തിക്കൊടുത്തെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. വി. സജിത്ത് കുമാര്‍ ഹാജരായി.
Comments (0)