എം.ബി.ബി.എസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് ദാരുണാന്ത്യം

എം.ബി.ബി.എസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് ദാരുണാന്ത്യം

കഴക്കൂട്ടം: എം.ബി.ബി.എസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയും മലയാളിയുമായ തിരുവനന്തപുരം സ്വദേശി ക്ലാസില്‍ കുഴഞ്ഞുവീണു മരിച്ചു. പോണ്ടിച്ചേരി ജിപ്മറിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ചെങ്കോട്ടുകോണം കല്ലടിച്ചവിള മണ്ണറത്തല വീട്ടില്‍ ജസീറയുടെയും പരേതനായ നവാസിന്റെയും ഏക മകന്‍ മുഹമ്മദ് നിജാസ് (23) ആണ് മരിച്ചത്. പോണ്ടിച്ചേരി മെഡിക്കല്‍ കോളജില്‍ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് മുഹമ്മദ് നിജാസ് കുഴഞ്ഞ് വീണത്. രാവിലെ 8 മണിക്ക് ക്ലാസ് ആരംഭിച്ചിരുന്നു. രണ്ടാമത്തെ പീരിഡിന്റെ തുടക്കത്തിലാണ് നിജാസിന് അസ്വസ്ഥത അനുഭവപ്പെടുകയും ക്ലാസില്‍ കുഴഞ്ഞുവീഴുകയും ചെയ്തത്. സഹപാഠികളും അധ്യാപകരും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷ അടുത്തയാഴ്ച ആരംഭിക്കാനിരി ക്കെയാണ് മരണം. എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും നിജാസ് ഉന്നത വിജയം നേടിയിരുന്നു. നിജാസിന്റെ പിതാവ് നവാസ് 20 വര്‍ഷം മുമ്പ് എറണാകുളത്ത് വാഹനാപകടത്തിലാണ് മരണപ്പെട്ടത്. അതിനുശേഷം മാതാവ് ജസീറയുടെ സംരക്ഷണത്തിലായിരുന്നു നിജാസ്. വിവരമറിഞ്ഞ് ബന്ധുക്കള്‍ കോളജില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 8-ന് ചെമ്പഴന്തി മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും.