കേരള ഗണിതശാസ്ത്ര പാരമ്പര്യം നിള സ്‌കൂളില്‍ അടിസ്ഥാനപ്പെടുത്തിയതാണ് : പ്രൊഫ. എ. ജെ. പരമേശ്വരന്‍
കാലടി : കേരളത്തിന്റെ ഗണിതശാസ്ത്ര പാരമ്പര്യം നിള സ്‌കൂളുമായി ബന്ധപ്പെട്ട് നിര്‍മ്മിക്കപ്പെട്ടതാണെന്ന് മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ പ്രൊഫ.എ.ജെ.പരമേശ്വരന്‍ പറഞ്ഞു. സംഗമഗ്രാമമാധവനിലൂടെ തുടങ്ങി അഞ്ച് നൂറ്റാണ്ട് അഭംഗുരം തുടര്‍ന്ന ഗണിതഗവേഷണ പഠനങ്ങളുടെ പാരമ്പര്യമാണ് കേരളത്തിനുളളത്. ഭാരതീയ ഗണിത പാരമ്പര്യത്തിലെ സുവര്‍ണ അധ്യായമാണ് കേരളീയ ഗണിത സരണി. പതിനാലാം നൂറ്റാണ്ടില്‍ ഇരിഞ്ഞാടപ്പിളളി മാധവന്‍ നമ്പൂതിരിയിലാരംഭിച്ച് അഞ്ഞൂറ് വര്‍ഷക്കാലം ഇടമുറിയാതെ തുടര്‍ന്ന ഗണിതപാരമ്പര്യമാണിത്. ലോക ഗണിത ചരിത്രത്തില്‍ മറ്റെങ്ങും ഇത്തരമൊരു പ്രതിഭാസം കാണാന്‍ കഴിയില്ല. ജ്യേഷ്ഠദേവന്‍ മലയാളത്തില്‍ രചിച്ച യുക്തിഭാഷയെ തുടര്‍ന്നുളള നിരവധി ഗണിത-ജ്യോതിഷ ഗ്രന്ഥങ്ങള്‍ മലയാള ഭാഷയിലുളളതാണെന്നതും ശ്രദ്ധേയമാണ്. പതിനാല് മുതല്‍ പതിനെട്ട് വരെ നൂറ്റാണ്ടുകളില്‍ ഭാരതത്തില്‍ നിലനിന്നിരുന്ന ഗണിത പാരമ്പര്യത്തിന്റെ പ്രധാന കേന്ദ്രം കേരളമായിരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ കണ്ടുപിടിക്കപ്പെട്ട കലനശാസ്ത്രത്തിന്റെയും അനന്തശ്രേ ണിയുടെയും ആശയങ്ങള്‍ക്ക് തുടക്കമിട്ടതും നിള തീരത്താണ്, പ്രൊഫ. എ. ജെ. പരമേശ്വരന്‍ പറഞ്ഞു.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങളുടെ രണ്ടാം ഘട്ടത്തോടനുബന്ധിച്ച് കാലടി മുഖ്യക്യാമ്പസിലെ യൂട്ടിലിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍ 'കേരളഗണിതശാസ്ത്ര പാരമ്പര്യം: നിള സ്‌കൂള്‍' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. 'ഭാരതീയ ബൗദ്ധിക പാരമ്പര്യങ്ങള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എം. വി. നാരായണന്‍ അധ്യക്ഷനായിരുന്നു. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാര്‍ ഡോ.എം.ബി.ഗോപാലകൃഷ്ണന്‍, ഡോ. രാജി ബി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ സംഗീത വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവതരിപ്പിച്ച സംഗീതസപര്യ നടന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ.എം.വി.നാരായണന്‍ വിവിധ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന വിവിധ സെഷനുകളില്‍ ഡോ.സി.എസ്.രാധാകൃഷ്ണന്‍, ഡോ.കെ.പി.ശ്രീദേവി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. പി. ഉണ്ണികൃഷ്ണന്‍, ഡോ.ശ്രീകല എം.നായര്‍, ഡോ.വി.വസന്തകുമാരി, ഡോ.കെ.എ.രവീന്ദ്രന്‍, ഡോ.കെ.യമുന, ഡോ.കെ.രമാദേവി അമ്മ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വാക്യാര്‍ത്ഥ സദസില്‍ ഡോ. വി. രാമകൃഷ്ണഭട്ട് അദ്ധ്യക്ഷനായിരുന്നു. ഡോ.കെ.ജി.കുമാരി, ഡോ.രേണുക കെ.സി. എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ നിരുപമ എസ്.ചിരാത് കര്‍ണാട്ടിക് മ്യൂസിക് അവതരിപ്പിച്ചു.
Comments (0)