അക്രമ രാഷ്ട്രീയം ഇനിയെങ്കിലും നിർത്തിക്കൂടെ? അഡ്വ .ഗണേഷ് പറമ്പത്ത് നാഷണൽ ചെയർമാൻ "സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം"
കൊലപാതകം അതാര് ചെയ്താലും മാപ്പർഹിക്കാത്ത കുറ്റമാണ്. കൊലയാളികൾ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടുകയും വേണം.കേരളം രാഷ്ട്രീയകൊലപാതകങ്ങളുടെ നാടായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം പാലക്കാട് സംഭവിച്ചത് ഏറ്റവും ഒടുവിലത്തേതാണ്, പക്ഷെ അവസാനത്തേതായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാൻ വയ്യ.അക്രമരാഷ്ട്രീയത്തിന്റെ ചോരപ്പാടുകൾ വീണ നാൾവഴികളിലൂടെ സഞ്ചരിക്കുമ്പോൾ അനാഥമായിപ്പോയ എത്രയോ ജീവിതങ്ങൾ നമുക്ക് കാണാൻ കഴിയും . അവരുടെ കണ്ണീർ വീണ് കുതിർന്ന ഓർമ്മകൾ പോലും ഇന്നും പ്രാണൻ പിടയുന്ന വേദനയിൽ നിലവിളിക്കുകയാണ് .ഒരു മുറിവുണങ്ങുമ്പോഴേക്കും പച്ച ജീവൻ കൊത്തിയെടുക്കുന്ന പുതിയ വാൾ തലകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവും .കുടിപ്പകയും കൊലപാതകങ്ങളും സമകാലീന രാഷ്ട്രീയത്തിന്റെ സംസ്കാരമായി മാറിയിരിക്കുന്നു .ശാന്തിയിലും സമാധാനത്തിലും ജീവിക്കാൻ കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ ആർജ്ജവമുള്ള ഒരു ഭരണകൂടമാണ് നമുക്ക് വേണ്ടത് .ചോരയിറ്റു വീഴുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളുടെ വാൾമുനകളിൽ ഇനിയുമെത്ര ജീവിതങ്ങൾ മുറിവേറ്റ് വീഴും !! ആർക്കും അറിഞ്ഞൂടാ .
രാഷ്ട്രീയം പൊതുപ്രവർത്തനത്തിനും രാഷ്ട്ര നിർമ്മാണത്തിനും ഉപയോഗിക്കുന്നതിനു പകരം നശീകരണ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണിത് .രാഷ്ട്രീയ കുടിപ്പകയിൽ തലയറ്റു വീഴുന്ന ജീവിതങ്ങളെക്കുറിച്ചും അനാഥരായിപ്പോകുന്നവരുടെ കണ്ണീരിനെക്കുറിച്ചും ചിന്തിക്കാത്ത ,ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കാത്ത ,അവരുടെ കണ്ണീരൊപ്പാൻ കഴിയാത്ത ഭരണാധികാരികൾ വാഴുന്ന നാടാണിത് .മാറേണ്ടത് ജീവനില്ലാത്ത പ്രത്യയ ശാസ്ത്രങ്ങളല്ല ജീവനുള്ള നമ്മുടെ ചിന്തകളും കാഴ്ചപ്പാടുകളുമാണ് .പ്രത്യയശാസ്ത്രങ്ങളെക്കാളും വലുതാണ് മനുഷ്യജീവൻ .നേരറിവിന്റെ വെളിച്ചം കടക്കാത്ത ജീവിതങ്ങളിലേക്ക് കനിവിന്റെയും അലിവിന്റെയും സ്നേഹധാര ഒഴുക്കിവിടാൻ കെൽപ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വമാണ് നമുക്കുണ്ടാവേണ്ടത് .
പാർട്ടിയെ വളർത്താൻ അക്രമമാണ് വഴിയെന്ന വികലമായ ചിന്തകളും ലക്ഷ്യബോധമില്ലാത്ത ജീവിതവുമാണ് ഇവിടെ വില്ലൻ വേഷമണിയുന്നത് .സാധാരണക്കാരും തൊഴിലില്ലാത്തവരുമായ യുവാക്കളാണ് ചാവേറുകളായി മാറുന്നത് .പ്രതിസ്ഥാനത്തായാലും, അക്രമത്തിനു ഇരയായാലും പാർട്ടി സംരക്ഷിക്കുമെന്ന വിശ്വാസം എന്നാണോ ഇല്ലാതാവുന്നത് അന്നവസാനിക്കും ഇവിടത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ .അന്നുമാത്രമേ ഇവിടെ ശാന്തിയും സമാധാനവും പുലരുകയുള്ളൂ .
ധാർമ്മികതയും ദിശാബോധവും നഷ്‌ടമായ സമകാലീന രാഷ്ട്രീയത്തിലേക്ക് പ്രത്യാശയുടെ പൊൻവെളിച്ചവുമായി നടന്നുകയറാൻ നമുക്ക് കഴിയണം .അക്രമം അമർച്ച ചെയ്യാൻ, രാഷ്ട്രീയ താല്പര്യങ്ങളില്ലാത്ത, ജനങ്ങളോട് പ്രതിബദ്ധതയുള ഒരു ഭരണകൂടത്തിന് കഴിയും .ആവശ്യമായ മുൻകരുതലുകളെടുക്കാനും സുരക്ഷാക്രമീരകരണങ്ങൾ ഏർപ്പെടുത്തുവാനും രാഷ്ട്രീയ നേതൃത്വം കാണിക്കുന്ന വിമുഖതയുടെ അർത്ഥവും പര്യായവും നാം തിരിച്ചറിയേണ്ടതുണ്ട് .അക്രമികൾക്ക് സംരക്ഷണമൊരുക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നതിൽ നിന്ന് രാഷ്ട്രീയ നേതൃത്വങ്ങൾ പിന്മാറിയാൽ തീരുന്ന പ്രശ്നങ്ങളേയുള്ളൂ കേരളത്തിൽ .ശാന്തിയും സമാധാനവും അപ്പോൾ മാത്രമെ യാഥാർഥ്യമാവൂ .
അഡ്വ .ഗണേഷ് പറമ്പത്ത്
നാഷണൽ ചെയർമാൻ
"സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം"
Comments (0)