അവയവദാനം മഹാഭാഗ്യം

അവയവദാനം  മഹാഭാഗ്യം

ഒരു ജന്മത്തിൽ രണ്ട് ശരീരത്തിൽ  ജീവിക്കുക. തീർച്ചയായും മഹാപുണ്യം. 

ലോകത്തിൽ ആദ്യമായി ഒരേ ദിവസം നിർധനർക്ക് വൃക്കകൾ പകുത്ത് നൽകിയ ദമ്പതികളിലെ ശ്രീ ശ്രീ ആര്യമഹർഷിയുടെ  പ്രഥമ ശിഷ്യയും, മലപ്പുറം കൃഷിഭവൻ  ജീവനക്കാരിയും, ആര്യലോക് ആശ്രമത്തിന്റെ താവത് ഇഫക്ട്  ആചാര്യയുമായ ശ്രീ ആര്യനാമിക (എം ജ്യോതി ) തന്റെ വൃക്ക ദാനം നൽകുന്നു. 

വൃക്ക രോഗം ബാധിച്ച് അകാലത്തിൽ ജീവിതം പൊലിഞ്ഞുപോകാറായ  മലപ്പുറം തവനൂർ, അതളൂർ തൃപ്പാളൂർ സ്വദേശിയും പറക്കമുറ്റാത്ത മൂന്ന് കുട്ടികളുടെ പിതാവുമായ പട്ടമ്പാരു വളപ്പിൽ അബൂബക്കറിന്റെ ജീവിതം രക്ഷിക്കാൻ വേണ്ടിയാണ് തന്റെ ഗുരുവിന്റെ പാത പിന്തുടർന്ന് വൃക്ക ദാനം നൽകാൻ ആര്യനാമിക തീരുമാനിച്ചത്. 

ഏകദേശം ഒന്നരവർഷങ്ങൾക്ക് കുന്നംകുളത്തിനടുത്ത് പാറേമ്പാടത്ത് വെച്ചുണ്ടായ ഒരു റോഡപകടത്തിൽ മീറ്ററുകളോളം ആര്യനാമികയെ വാഹനം ഇടിച്ചു തെറിപ്പിച്ചിരുന്നു. അന്ന് കുന്നംകുളം റോയൽ  ആശുപത്രി കിടക്കയിൽ വെച്ച് ബോധം തെളിഞ്ഞപ്പോൾ യാതൊരു പോറലും ഏൽക്കാതെ രക്ഷപ്പെട്ടപ്പോൾ, തീരുമാനിച്ചതായിരുന്നു, ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ ഏതെങ്കിലും അവയവം, അവയവരോഗം മൂലം അനാഥമായി പോകുന്ന കുടുംബത്തെ രക്ഷിക്കാൻ ഉപകാരപ്രദമാക്കുമെന്ന്.

അങ്ങനെ ഇരിക്കുമ്പോൾ മഹർഷിയുടെ ശിഷ്യനായ തവനൂർ സ്വദേശി മുഹമ്മദലി മുഖേന അബൂബക്കറും കുടുംബവും  സുമനസ്കരായ നാട്ടുകാർ രൂപീകരിച്ച കമ്മറ്റി അംഗങ്ങളും കൂടി കലശമല ആര്യലോക് ആശ്രമത്തിൽ മഹർഷിയുടെ സഹായം തേടിയെത്തിയതാണ് അബൂബക്കറിന് വൃക്ക നൽകാൻ വഴിയായത്. പലരും ആശ്രമവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും അബൂബക്കറിനാണ് അതിനുള്ള ഭാഗ്യമുണ്ടായത്. 

യാതൊരു മാർഗ്ഗവുമില്ലാതെ ജീവിതം അവസാനിക്കേണ്ടി വരുന്ന കുടുംബനാഥനോ, നാഥക്കോ മാത്രമേ തന്റെ അവയവം ദാനം നൽകുകയുള്ളൂ എന്ന് ആര്യനാമിക നിശ്ചയിച്ചിരുന്നതാണ്. ആര്യലോക് ആശ്രമത്തിന്റെ അന്വേഷങ്ങളിൽ ആര്യനാമികയുടെ സങ്കല്പത്തിനൊത്തതായിരുന്നു അബൂബക്കറിന്റെ കുടുംബം. 

അപ്രകാരം അബൂബക്കറിന് വൃക്കദാനം  നൽകാൻ തീരുമാനം എടുക്കുകയും തുടർന്ന് എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ രോഗിയെ അഡ്‌മിറ്റ്‌ ചെയ്യുകയും വൃക്ക മാറ്റിവെച്ചാൽ  രോഗിയുടെ ജീവൻ രക്ഷിക്കാമെന്ന ഉറപ്പോടെ  ഡോണർ  പരിശോധനകൾ എല്ലാം പൂർത്തിയാക്കി വൃക്കദാനത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. 

അബൂബക്കറിന്റെ കുടുംബത്തിന്റെയും കുഞ്ഞു മക്കളുടെയും സന്തോഷം കാണുമ്പോൾ ഈ ജീവിതത്തിൽ ഇതിനേക്കാൾ വലിയ ഭാഗ്യമില്ലെന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി തന്റെ ജീവിതം സമർപ്പിച്ച ആര്യനാമിക മഹർഷിയോട് പറയുകയാണ് അതെ, "ദാനം  തന്നെയാണ്  ധ്യാനം." നിസ്വാർത്ഥ സേവനം  അത് ഹൃദയത്തിന്റെ  അടിത്തട്ടിൽ നിന്നും ഉയർന്ന് വരേണ്ടതാണ്. ഒട്ടധികം വേദനകൾ സഹിക്കുന്നവർക്ക് പ്രകൃതി നൽകുന്ന ഒരു വരദാനമാണ്. ജന്മസുകൃതമാണ്. ജന്മം നൽകിയ മാതാപിതാക്കളുടെ പുണ്യവും.  അതൊരു  മഹാഭാഗ്യമാണെന്ന് മഹർഷി പറഞ്ഞപ്പോൾ............ 

ഓട്ടിസം ബാധിച്ച കുട്ടികളെയും  വാർധക്യത്തിൽ  അനാഥരാവുന്ന മാതാപിതാക്കളെയും സംരക്ഷിക്കണം  എന്നതാണ്  അവിവാഹിതയായ ആര്യനാമികയുടെ സ്വപ്നം. 
 
കുറ്റിപ്പുറം സ്വദേശിയായ ആര്യനാമികയെന്ന ജ്യോതി, കാരി മാളു എന്നിവരുടെ മൂന്ന് മക്കളിൽ ഇളയവളാണ്.