അഞ്ച് ബില്ലുകളില്‍ ഒപ്പ് വെച്ച് ഗവര്‍ണര്‍, വിവാദ ബില്ലുകളില്‍ ഒപ്പുവെയ്ക്കാന്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ടെത്തണം ; ഗവര്‍ണര്‍ ദില്ലിക്ക്

അഞ്ച് ബില്ലുകളില്‍ ഒപ്പ് വെച്ച് ഗവര്‍ണര്‍, വിവാദ ബില്ലുകളില്‍ ഒപ്പുവെയ്ക്കാന്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ടെത്തണം ; ഗവര്‍ണര്‍ ദില്ലിക്ക്

തിരുവനന്തപുരം: കേരള സര്‍ക്കാരുമായി പരസ്യ പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ദില്ലിയിലേക്ക് പോകും. വിവാദ ബില്ലുകള്‍ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളില്‍ ഒപ്പിടമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നുമുള്ള വ്യവസ്ഥ വച്ച ശേഷമാണ് ഗവര്‍ണര്‍ ഉത്തരേന്ത്യയിലേക്ക് പോകുന്നത്. രാജ്ഭവനില്‍ തന്നെ കണ്ട ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ തന്റെ വ്യവസ്ഥകള്‍ അറിയിച്ചത്. ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വ്വകലാശാല നിയമ ഭേഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ദില്ലിയിലേക്ക് പോകുന്ന ഗവര്‍ണര്‍ ഈ മാസം കേരളത്തിലേക്ക് മടങ്ങിവരില്ല. ഗവര്‍ണറുടെ മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഗവര്‍ണ്ണറുടെ പരിഗണന കാത്തിരിക്കുന്നത് 11 ബില്ലുകളാണ്. കൂടുതല്‍ വ്യക്തതക്കായി മന്ത്രിമാര്‍ വന്ന് ബില്ലുകളെ കുറിച്ച് വിശദീകരിക്കണമെന്ന് കഴിഞ്ഞ മാസം ഗവര്‍ണര്‍ സര്‍ക്കാറിന് കത്തയച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ മന്ത്രിമാരോ സെക്രട്ടറിമാരോ ഇന്ന്  വിശദീകരിക്കാന്‍ എത്തിയില്ലെങ്കില്‍ ബാക്കിയുള്ള 9 ബില്ലുകളിലും തീരുമാനം നീളുമെന്നുറപ്പാണ്. അതിനിടെ സര്‍ക്കാരുമായുള്ള പോരില്‍ വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള വി സി നിയമനത്തിലും നിലപാട് വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല  വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന നിര്‍ദ്ദേശം ഗവര്‍ണര്‍ സര്‍വകലാശാലക്ക് നല്‍കിയിട്ടുണ്ട്. വി സി നിയമനത്തിന് ഗവര്‍ണ്ണര്‍ രൂപീകരിച്ച സെര്‍ച് കമ്മിറ്റിയിലേക്ക് ഇത് വരെ സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിച്ചിട്ടില്ല. ഓഗസ്റ്റ് അഞ്ചിന് ഗവര്‍ണ്ണര്‍ രണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയിരുന്നു. യുജിസിയുടേയുും ഗവര്‍ണ്ണറുടെയും പ്രതിനിധികള്‍ മാത്രമുള്ള സമിതിയിലേക്ക് ഇതുവരെ  പ്രതിനിധിയെ നിര്‍ദ്ദേശിക്കാതെ സര്‍വ്വകലാശാല ഒഴിഞ്ഞുമാറുകയാണ് .നേരത്തെ ആസൂത്രണ ബോര്‍ഡ് അംഗം വികെ രാമചന്ദ്രനെ നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം പിന്നെ സ്വയം പിന്മാറിയിരുന്നു. രണ്ട് അംഗങ്ങളെ ഗവര്‍ണ്ണര്‍ തീരുമാനിച്ചിട്ട് ആഴ്ച്ചകള്‍ പിന്നിട്ടതോടെയാണ് രാജ്ഭവന്‍ പുതിയ നിര്‍ദ്ദേശം നല്‍കിയത്. നിലവിലെ സാഹചര്യമനുസരിച്ച് സെര്‍ച്ച് കമ്മറ്റിയില്‍ മൂന്ന് അംഗങ്ങളാണ് വേണ്ടത്. സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ നിയമം ആകാന്‍ കാത്തിരിക്കുകയാണ് കേരള സര്‍വ്വകലാശാല. ഒക്ടോബര്‍ 24 നു വി സിയുടെ കാലാവധി തീരാന്‍ ഇരിക്കെ ആണ് ഗവര്‍ണര്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്.