ആപ്പായില്ല കേരള സവാരി വൈകുന്നു ; സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് തൊഴില്‍ വകുപ്പ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കേരള സവാരി ആപ്പ് ഇതുവരെയും പ്ലേ സ്റ്റോറില്‍ എത്തിയില്ല. ആപ്പില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ടാക്‌സി ഓട്ടോ ബുക്കിങ്ങും തുടങ്ങിയിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ആപ്പ് വൈകുമെന്നാണ് തൊഴില്‍ വകുപ്പ് നല്‍കുന്ന സൂചന. പ്ലാനിംഗ് ബോര്‍ഡ്, ലീഗല്‍ മെട്രോളജി, ഗതാഗതം, ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴില്‍വകുപ്പ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്. ഓരോ ട്രിപ്പിനും ടാക്‌സി ഉടമ തുകയുടെ 8ശതമാനം സര്‍ക്കാരിന് നല്‍കണം. ഇതില്‍ 6 ശതമാനം തുക ഐ.ടി.ഐ സേവനത്തിനാണ്. കേരളസവാരിയില്‍ സീസണ്‍ അനുസരിച്ചുള്ള നിരക്ക് വര്‍ദ്ധനയുണ്ടാവില്ല. കേരള സവാരി പ്രവര്‍ത്തനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍ സംവിധാനം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാള്‍ സെന്റര്‍ നമ്പറായ 9072272208 എന്നതിലേക്ക് വിളിച്ച് അഭിപ്രായങ്ങളും പരാതികളും അറിയിക്കാം. തിരുവനന്തപുരം നഗരസഭ പരിധിയില്‍ 541 വാഹനങ്ങളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 22 പേര്‍ വനിതകളാണ്. രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 321 ഓട്ടോറിക്ഷകളും 228 എണ്ണം കാറുകളുമാണ്.
Comments (0)