പെടോംഗി എന്ന രാജ്യസ്നേഹി
ബുദ്ധിശൂന്യതയുടെ പര്യായമായാണ് കഴുതകളെ പൊതുവെ പറയാറ്.എന്നാൽ ഇന്ത്യൻ സായുധ സേനയിൽ സേവനമനുഷ്ഠിച്ച ഒരു കോവർ കഴുതയുണ്ട്.
അവളുടെ പേരാണ് പെഡോംഗി...!!!
സ്പാനിഷ് ഇനത്തിൽ പെട്ട പെഡോംഗി 1962- ലാണ് ഇന്ത്യൻ സൈന്യത്തിൽ ചേരുന്നത്.യുദ്ധകാലങ്ങളിൽ സൈനിക യൂണിറ്റുകൾക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ,ആയുധങ്ങൾ തുടങ്ങി വെടിമരുന്നും മറ്റും അവരിലേക്ക് എത്തിക്കുക, ഒപ്പം യുദ്ധത്തിൽ പരിക്കേറ്റ സൈനികരെ സൈനിക ആശുപത്രികളിൽ എത്തിക്കുക തുടങ്ങിയ ജോലികളായിരുന്നു പെഡോംഗിക്കും അവളുടെ ഒപ്പമുള്ള കോവർ കഴുതകൾക്കും ഉണ്ടായിരുന്നത്.
ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ചമൂലം മനുഷ്യർക്ക് പോലും സഞ്ചാരം അസാധ്യമായിരുന്ന,അതീവ അപകടങ്ങൾ നിറഞ്ഞ വഴികളിലൂടെ യാത്രചെയ്ത് മലനിരകളിൽ ഒറ്റപ്പെട്ട സൈനിക വിഭാഗങ്ങൾക്ക് പെഡോംഗിയും അവളുടെ സംഘവും എത്തിച്ചു കൊടുത്തുകൊണ്ടിരുന്നു.അത് സൈനികരുടെ ജീവൻ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതവുമായിരുന്നു.
1971-ൽ ഇന്ത്യ പാകിസ്ഥാൻ യുദ്ധം നടക്കുന്ന സമയം, പെഡോംഗി അടങ്ങുന്ന കഴുതയുടെ സംഘത്തെ പാകിസ്ഥാൻ സൈനികർ പിടിച്ചെടുക്കുയുണ്ടായി.
എന്നാൽ ഏതാണ്ട് രണ്ടാഴ്ചകൾക്ക് ശേഷം പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിൽ നിന്ന് പെഡോംഗിക്ക് രക്ഷപ്പെടാൻ കഴിഞ്ഞു.ക്ഷീണിച്ചവശയായെകിലും അവൾ തന്നാലാവും വിധം അവളുടെ മുതുകിൽ പാകിസ്ഥാന്റെ വെടിമരുന്നുകൾ നിറച്ച പെട്ടികൾ വഹിച്ചുകൊണ്ട് ഇന്ത്യൻ സൈന്യത്തിന്റെ ഒരു ഔട്ട്പോസ്റ്റിലെത്തി.
അവളുടെ വിശ്വാസതയിൽ അങ്ങേയറ്റം മതിപ്പ് തോന്നിയ
"അനിമൽ ട്രാൻസ്പോർട്ട് ബറ്റാലിയൻ കമാൻഡർ" തന്റെ മേലധികാരികൾക്ക് മുൻപിൽ ഈ വിഷയം അവതരിപ്പിക്കുകയും പെഡോംഗിക്ക് അവളുടെ ധൈര്യത്തിനുള്ള ഔദ്യോഗിക അംഗീകാരം നൽകണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തു.എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് ആ അംഗീകാരം പെഡോംഗിയെ തേടിയെത്തുന്നത്.
1987-ൽ പെഡോംഗി 29 വയസ്സ് പൂർത്തിയാക്കി.
സാധാരണയായി 18 മുതൽ 20 വർഷം വരെയാണ് കോവർകഴുതകൾ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നത്.എന്നാൽ സംഘത്തിലെ തന്നെ മുതിർന്ന അംഗമായി മാറിയിട്ടും സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരത്തിൽ പോലും അവൾ ഉത്സാഹത്തോടെ സഞ്ചരിച്ചു,തന്റെ സൈന്യ സേവനം തുടർന്നുകൊണ്ടേയിരുന്നു.
അവളുടെ പ്രതിബദ്ധത മനസിലാക്കിയ കമാൻഡിംഗ് ഓഫിസർ മേജർ ചുന്നിലാൽ ശർമ്മ പെഡോംഗിയെ ആർമി സർവീസ് കോർപ്‌സ് 53 AT കമ്പനിയുടെ ഭാഗ്യചിഹ്നമായി നിയമിച്ചു.
1989 -ൽ പെഡോംഗിയുടെ ചിത്രം സൈന്യത്തിന്റെ ആശംസാകാർഡുകളിൽ ഇടം പിടിച്ചു.വൈകാതെ
പ്രായമായ അവളെ ഉത്തർപ്രദേശിലെ ബറേലിയിലേക്ക് മാറ്റി.
ഒടുവിൽ ആ ദിനം വന്നെത്തി.1992 -ൽ, പെഡോംഗിയെ ഡൽഹിയിലേക്ക് കൊണ്ടുപോയി,അവിടെ ആർമി സർവീസ് കോർപ്‌സ് ന്റെ ഔദ്യോഗിക ചടങ്ങിൽ വെച്ച്
അവൾക്ക് ഇന്ത്യൻ സൈന്യത്തിന്റെ ധീരതാപത്രവും ഔപചാരിക നീല വെൽവെറ്റ് പരവതാനവും നൽകപ്പെട്ടു.
അത് മാത്രമല്ല കേവലം Hoof Number 15328 എന്ന സംഖ്യയിൽ അറിയപ്പെട്ടിരുന്ന അവൾക്ക് വടക്കൻ സിക്കിമിലെ ഒരു യുദ്ധ സ്ഥലമായ പെഡോംഗ് പട്ടണത്തിന്റെ പേരിൽ ഔപചാരികമായി പെഡോംഗി എന്ന പേരും നൽകി.
ഇത്തരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അംഗീകാരം ലഭിച്ച ഒരേയൊരു കോവർ കഴുതയാണ് പെഡോംഗി.
1997 ൽ "ഏറ്റവും കൂടുതൽ കാലം സൈന്യത്തിൽ സേവനമനുഷ്ഠിച്ച കോവർ കഴുത" എന്ന റെക്കോർഡ് നേടി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു.തുടർന്ന് 1998 മാർച്ച് 25 ന് ബറേലിയിൽ വെച്ചു അന്ത്യശ്വാസം വലിച്ചു.
സൈന്യസേവനങ്ങളിൽ നിന്ന് ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ഇത്തരത്തിൽ ഭാരതീയ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒട്ടേറെ ജീവനുകളെ കാണാം.
ഗുരു ഗോവിന്ദ സിംഹന്റെ നീല എന്ന കുതിര,എന്നും സന്ദേശങ്ങൾ കൈമാറിയിരുന്ന ശ്രീ കൃഷ്ണപരുന്ത്,
ആസാമിന്റെ രാജ രത്തൻ റായ് നല്കിയ ആന,
റാണ പ്രതാപന്റെ ചേതക് എന്ന കുതിര,രാം പ്രസാദ് എന്ന ആന,
വീര ശിവാജിയുടെ കൃഷ്ണ എന്ന പെണ്കുതിര, സഹ്യാധ്രിയിൽ വഴികാട്ടിയായിരുന്ന വാഗ്യ എന്ന നായ,
സിംഹഘട്ടിലേക്ക് താനാജി മാൽസുരേയെ വലിച്ചു കയറ്റി ഒടുവിൽ വെട്ട് കൊണ്ട് മരണപെട്ട യേഷ്വന്തിനി എന്ന ഉടുമ്പ്,
സ്വന്തം ജീവൻ ബലിനല്കി റാണി മണികർണ്ണിയെ ഝാൻസി കോട്ടക്കുള്ളിൽ നിന്നും പുറത്തേക്ക് എത്തിച്ച റാണിയുടെ പ്രിയപ്പെട്ട കുതിര ബാദൽ,
അക്ബറിനെ മുട്ടുകുത്തിച്ച റാണി ദുർഗ്ഗാവതിയുടെ ആന സർമ്മൻ,ബ്രിട്ടീഷുകാർക്കെതിരയുള്ള യുദ്ധത്തിൽ മരുത് സഹോദരങ്ങൾക്കൊപ്പം നിന്ന കൊമ്പയ് ചിപ്പിപ്പാറ നായ്ക്കൾ...
ഇങ്ങനെ ചൂണ്ടി പറയാൻ, യജമാനനോട് ചേർന്ന് നിന്ന് അധിനിവേശങ്ങൾക്കെതിരെ പോരാടി ഈ രണഭൂമിയിൽ പ്രാണൻ വെടിഞ്ഞ എത്രയോ ധീരജന്മങ്ങൾ ഉണ്ട്...??
ഇന്നും നാം അവരെ ഓർക്കുന്നു,
ആരാധനയോടെ സ്മരിക്കുന്നു,
നാടൻ പാട്ടുകളിലൂടെയും കഥകളിലൂടെയും അവ വീരചരിതങ്ങൾ പാടുന്നു.
ഇന്ന് ഇത് ഓർക്കാൻ കാരണമുണ്ട്.
അഫ്‌ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങുന്നറിന്റെ ഭാഗമായി അമേരിക്ക തങ്ങളുടെ ഏതാണ്ട് അൻപതിൽ പരം സർവീസ് നായകളെ കാബൂളിൽ ഉപേക്ഷിക്കുകയുണ്ടായി.
അതിന്റെ പേരിൽ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്.
എന്നാൽ നമ്മുടെ ഭാരതമാകട്ടെ മൂന്ന് വർഷത്തോളമായി അഫ്ഗാനിലെ ഇന്ത്യൻ എംബസ്സിയിൽ സേവനമനുഷ്ഠിച്ചിരുന്ന മായ റൂബി ബോബി എന്നീ മൂന്ന് നായകളെ എംബസ്സി ഉദ്യോഗസ്ഥർക്കും മറ്റു കമാൻഡോകൾക്കും ഒപ്പം തിരികെ കൊണ്ടുവന്നു.
ഹാ എന്തൊരു സമാധാനം...!!
എത്രയോ നിർദ്ദയമായാണ് അമേരിക്ക ആ നായകളെ ഉപേക്ഷിച്ച് പോന്നത്.എന്നാൽ അപ്പോഴും ഭാരതം തന്റെ പ്രജകളെ കൈവിട്ടില്ല.
ഭാരതം ലോകത്തിന് മാതൃകയാണോ....???
തീർച്ചയായും മാതൃകയാണ്...!!!
Pic and info courtesy about pedichu: The better india.
എഴുതിയത്വിദ്യ ഗോപിദാസ്
Comments (0)